ലോക കായിക കോടതിയുടെ വിധി വരാന്‍ മണിക്കൂറുകള്‍ ബാക്കി; വിനേഷ് ഫോഗട്ട് ഇന്ന് മടങ്ങിയെത്തും

ന്യൂഡല്‍ഹി: ലോക ശ്രദ്ധ ഇന്ത്യയിലേക്കും ഗുസ്തി താരം വിനേഷ് ഫോഗട്ടിലേക്കും തിരിഞ്ഞ ഒളിമ്പിക്‌സാണ് കടന്നുപോയത്. 100 ഗ്രാമിന്റെ അമിത ഭാരത്തില്‍ കുടുങ്ങിയ വിനേഷിന്റെ ‘വിധി’യില്‍ ഇന്ത്യയുടെ കണ്ണീര്‍ ഇനിയും തോര്‍ന്നിട്ടില്ല. വെള്ളിമെഡലിനായുള്ള അപ്പീലില്‍ വിധി വന്നിട്ടില്ലെങ്കിലും വിനേഷ് ഇന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തുമെന്നാണ് വിവരം.

ഒളിമ്പിക് വെങ്കല മെഡല്‍ ജേതാവ് അമന്‍ സെഹ്രാവത്തിനൊപ്പം ചൊവ്വാഴ്ച രാവിലെ 10.30 ന് ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പാരീസ് ഒളിമ്പിക്സില്‍ തന്റെ അയോഗ്യതയ്ക്കെതിരായ വിനേഷിന്റെ അപ്പീലില്‍ എല്ലാ കക്ഷികളുടെയും വാദങ്ങള്‍ കേട്ട് കോടതി ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്പോര്‍ട് (സിഎഎസ്) ചൊവ്വാഴ്ച വിധി പറയാന്‍ തയ്യാറായതോടെ ഇന്ത്യയുടെ കായികലോകം ശ്വാസമടക്കി കാത്തിരിക്കുകയാണ്.

വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഇനത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ച മൂന്ന് വിജയങ്ങളുമായി ഫൈനലില്‍ കടന്ന വിനേഷ്, 100 ഗ്രാം അമിത ഭാരത്തിന്റെ പേരിലാണ് അമേരിക്കയുടെ സാറ ഹില്‍ഡെബ്രാന്‍ഡിനെതിരായ സ്വര്‍ണ മെഡല്‍ പോരാട്ടത്തില്‍ നിന്ന് വിലക്കപ്പെട്ടത്. അയോഗ്യയാക്കപ്പെട്ട് ഒരു ദിവസത്തിന് ശേഷം, വിനേഷിന്റെ വിരമിക്കല്‍ പ്രഖ്യാപനവും എത്തിയിരുന്നു. അതേസമയം, പ്രധാനമന്ത്രിയടക്കം വിനേഷിന് പിന്തുണയുമായി എത്തിയിരുന്നു.

More Stories from this section

family-dental
witywide