
ഒളിമ്പ്യൻ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും ഹരിയാന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികളായി മത്സരിക്കും. ഫോഗട്ടും പുനിയയും ഇന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയെ കണ്ടിരുന്നു., അതിനുശേഷമാണ് അവരുടെ രാഷ്ട്രീയ-തിരഞ്ഞെടുപ്പ് അരങ്ങേറ്റ വാർത്ത സ്ഥിരീകരിച്ചത്. ഇരുവരും ആം ആദ്മി സ്ഥാനാർഥികളാകുന്നു എന്ന് വാർത്തകൾ വന്നിരുന്നു.
ജനനായക് ജനതാ പാർട്ടിയുടെ അമർജീത് ധണ്ഡയുടെ സിറ്റിങ് സീറ്റായ ജുലാനയിൽ 30 കാരിയായ വിനേഷ് ഫോഗട്ട് മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 30 കാരനായ പുനിയ ബാഡ്‌ലി സീറ്റിലായിരിക്കും മൽസരിക്കുക.
2014 മുതൽ ബിജെപി ഭരിക്കുന്ന ഹിന്ദി ഹൃദയഭൂമിയിലെ ഹരിയാന സംസ്ഥാനത്തെ വോട്ടർമാർക്കിടയിൽ വിനേഷ് ഫോഗട്ടിനെയും ബജ്‌രംഗ് പുനിയയെയും കൊണ്ടുവരുന്നത് തങ്ങളെ ശക്തിപ്പെടുത്തുമെന്നാണ് കോൺഗ്രസിൻ്റെ പ്രതീക്ഷ. കേന്ദ്ര നയങ്ങൾക്ക് എതിരെ സമരം ചെയ്യുന്ന കർഷകരുമായി ഫോഗട്ടിനുള്ള ബന്ധം വലിയ പ്ളസായി കോൺഗ്രസ് കരുതുന്നു. കഴിഞ്ഞ ആഴ്ച ഹരിയാന-ഡൽഹി അതിർത്തിയിലെ ശംഭുവിലെ കർഷക പ്രതിഷേധ വേദിയിൽ വിനേഷ്ഫോഗട്ട് എത്തിയിരുന്നു, “നിങ്ങളുടെ മകൾ” എന്നാണ് വിനേഷ് അവരെത്തന്നെ വിശേഷിപ്പിച്ചത്. അവർക്ക് നീതി ലഭ്യമാക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു എന്ന് അവർ അന്ന് പറഞ്ഞിരുന്നു.
ബിജെപി മുൻ എംപിയും മുൻ ഗുസ്തി ഫെഡറേഷൻ മേധാവിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ സമരം നയിച്ച ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ആ സമരംകൊണ്ടു തന്നെ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന താരങ്ങളായി. ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തൽ എന്നീ ആരോപണങ്ങൾ നേരിടുന്ന ബ്രിജ് ഭൂഷൺ സിങ്ങ് ഇത്തവണ അതിനാൽ മൽസരിച്ചില്ല, എന്നാൽ സ്വന്തം മണ്ഡലമായ യുപിയിലെ കൈസർഗഞ്ചിൽ നിന്ന് മകൻ കരൺ ഭൂഷൻ സിങ്ങിനെ നിർത്തി വിജയിപ്പിച്ചു.
Vinesh Phogatand Bajrang Punia To Contest Haryana in Congress ticket