
ന്യൂഡല്‍ഹി: ഓസ്ട്രേലിയന്‍ ആഭ്യന്തര വിമാനത്തിനുള്ളില്‍ നഗ്നനായി ഓടിയതിന് ഒരാളെ അറസ്റ്റ് ചെയ്തു. വിമാനത്തിന്റെ ഇടനാഴിയിലൂടെ നഗ്‌നയായി ഓടുന്നതിനിടെ വിമാനത്തിലെ ജീവനക്കാരിയെ ഇടിച്ചിടുകയും ചെയ്തു. സംഭവത്തില്‍ ഇയാളെ ചൊവ്വാഴ്ച വിമാനത്താവളത്തില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു.
ജൂണ്‍ 14-ന് പെര്‍ത്തിലെ കോടതിയില്‍ ഇയാളെ ഹാജരാക്കും. ഇയാള്‍ക്കെതിരെ എന്തൊക്കെ കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്ന് വ്യക്തമല്ല.
പടിഞ്ഞാറന്‍ തീര നഗരമായ പെര്‍ത്തില്‍ നിന്ന് കിഴക്കന്‍ തീരത്തെ മെല്‍ബണിലേക്ക് തിങ്കളാഴ്ച രാത്രി പുറപ്പെട്ട വിര്‍ജിന്‍ ഓസ്ട്രേലിയ വിമാനത്തിലാണ് സംഭവം നടന്നത്. ഇതേത്തുടര്‍ന്ന് പറന്നുയര്‍ന്ന വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി. എന്തിനാണ് ഇയാള്‍ വിമാനത്തിനുള്ളില്‍വെച്ച് വസ്ത്രം അഴിച്ചു മാറ്റിയതെന്നും വ്യക്തമല്ല. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് തങ്ങളുടെ മുന്‍ഗണനയെന്ന് കൂട്ടിച്ചേര്‍ത്തുകൊണ്ട് എയര്‍ലൈന്‍ യാത്രികരോട് ക്ഷമാപണം നടത്തിയിട്ടുണ്ട്.