വിസ്താരയുടെ ചിറകൊടിഞ്ഞു; ഇനി എയർ ഇന്ത്യയുടെ കീഴിൽ; ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ ശ്രദ്ധിക്കുക

ന്യൂഡൽഹി: ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്ത സംരംഭമായ വിസ്താര, എയർ ഇന്ത്യയുമായി ലയിക്കുന്നതിന്റെ നടപടികൾ അവസാന ഘട്ടത്തിൽ. വിസ്താര ബ്രാൻഡിന് കീഴിലെ വിമാനങ്ങളുടെ അവസാന സർവിസ് നവംബർ 11ന് നടക്കും. നവംബർ 12 മുതൽ എയർ ഇന്ത്യയുടെ കീഴിലാകും സർവിസ്.

സെപ്റ്റംബർ 3 ന് ശേഷം, യാത്രക്കാർക്ക് ഈ വിസ്താരയുടെ വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയില്ല. നീണ്ട ചർച്ചകൾക്കൊടുവിലാണ് എയർ ഇന്ത്യ- വിസ്താര ലയനം സാധ്യമായത്. തീരുമാനമായെങ്കിലും ഔദ്യോഗികമായി നടപടിക്രമങ്ങൾ പൂർത്തിയാകാൻ കേന്ദ്രസർക്കാരിന്റെ അനുമതി അനിവാര്യമായിരുന്നു.

ടാറ്റ ഗ്രൂപ്പിന് പുറമെ സിംഗപ്പൂർ എയർലൈൻസിന് ഓഹരിപങ്കാളിത്തമുള്ളതാണ് വിസ്താര. ലയനത്തിന്റെ ഭാഗമായി സിംഗപ്പൂർ എയർലൈൻസിന് നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് കേന്ദ്രസർക്കാർ അനുമതി നൽകിയതോടെയാണ് ലയനം പൂർത്തിയായത്. വിസ്താരയിൽ 49 ശതമാനം ഓഹരിപങ്കാളിത്തമാണ് സിംഗപ്പൂർ എയർലൈൻസിനുള്ളത്. എയർ ഇന്ത്യയുടെ ഉടമയായ ടാറ്റാ ഗ്രൂപ്പിന് 51 ശതമാനം ഓഹരി പങ്കാളിത്തമാണ് വിസ്താരയിലുള്ളത്.

ടാറ്റാ ഗ്രൂപ്പ് എയർ ഇന്ത്യ ഏറ്റെടുത്തതിന് പിന്നാലെയാണ് വിസ്താരയും എയർ ഇന്ത്യയും തമ്മിൽ ലയിപ്പിക്കാൻ തീരുമാനിച്ചത്. 2022 ലാണ് ലയനം സംബന്ധിച്ച പ്രഖ്യാപനം നടക്കുന്നത്. ഒരു വർഷത്തിനുള്ളിൽ ലയനം പൂർത്തിയാകുമെന്നായിരുന്നു റിപ്പോർട്ട്. വിവിധ കാരണങ്ങളാൽ അത് രണ്ട് വർഷ​ത്തോളം നീളുകയായിരുന്നു.

വിസ്താര സർവിസ് നടത്തുന്ന റൂട്ടുകളിലെ നവംബർ 12നോ അതിനു ശേഷമോ പുറപ്പെടുന്ന വിമാനങ്ങളുടെ ബുക്കിങ് എയർ ഇന്ത്യയുടെ വെബ്സൈറ്റിലേക്ക് റീഡയറക്ട് ചെയ്യും. സെപ്റ്റംബർ മൂന്നുമുതലാണ് ഈ മാറ്റം. വിസ്താരയുടെ വിമാനങ്ങളുടെയും ജീവനക്കാരുടെയും എയർ ഇന്ത്യയിലേക്കുള്ള സുഗമമായ മാറ്റത്തിന് തയാറെടുപ്പ് തുടങ്ങിയിട്ടുണ്ട്. 2025 ആദ്യപാദം വരെ ഷെഡ്യൂൾ, ജീവനക്കാർ എന്നിവയിൽ മാറ്റമുണ്ടാകില്ല. എന്നാൽ, പിന്നീട്, ക്രമേണ ആവശ്യമായ മാറ്റം വരുത്തും.

More Stories from this section

family-dental
witywide