
മോസ്കോ: യുക്രൈനെതിരെ ‘ഒറെഷ്‌നിക്’ ഹൈപ്പർസോണിക് മിസൈലുകള്‍ പരീക്ഷിക്കുന്നത് തുടരുമെന്ന് വ്യക്തമാക്കി റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ. ഈ മിസൈലുകളുടെ വൻ ശേഖരം പക്കലുണ്ടെന്നും പുടിൻ അറിയിച്ചു.
“റഷ്യയ്‌ക്കെതിരെ സൃഷ്ടിക്കുന്ന സുരക്ഷാ ഭീഷണികളുടെ സാഹചര്യം, സ്വഭാവം, യുദ്ധ സാഹചര്യങ്ങള്‍ എന്നിവ കണക്കിലെടുത്ത് ഞങ്ങള്‍ ഈ പരീക്ഷണം തുടരും,” പുടിൻ വ്യക്തമാക്കി. യുക്രെയ്‌ന്‍ തലസ്ഥാനമായ കീവില്‍ റഷ്യന്‍ മിസൈല്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി യുക്രെയ്ൻ പാർലമെൻ്റ് സമ്മേളനം റദ്ദാക്കി മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു പുടിന്‍റെ പ്രസ്താവന.
അതേസമയം, ഇവയെ നേരിടാനുള്ള വ്യോമസംവിധാനങ്ങള്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് യുക്രൈനെന്ന് പ്രസിഡൻ്റ് വൊളോഡിമർ സെലെൻസ്‌കി പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍, യുക്രെയ്ൻ റഷ്യയിലേക്ക് നാറ്റോ രാജ്യങ്ങളുടെ മിസൈലുകള്‍ പ്രയോഗിച്ചിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് ഒറെഷ്‌നിക് മിസൈലുകള്‍ പ്രയോഗിച്ചതെന്നാണ് പുടിന്‍റെ വിശദീകരണം. അമേരിക്കൻ നിർമിത മിസൈലായ അറ്റാംകംസ്, യുകെ നിർമിത മിസൈലായ സ്റ്റോം ഷാഡോ എന്നീ മിസൈലുകളാണ് യുക്രൈൻ റഷ്യയിലേക്ക് പ്രയോഗിച്ചത്. നാറ്റോ നിർമിത മിസൈലുകള്‍ റഷ്യയില്‍ പ്രയോഗിക്കാൻ അനുമതി നല്‍കാതിരുന്ന യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ അധികാരക്കൈമാറ്റത്തിന് ആഴ്ചകള്‍ മാത്രം ശേഷിക്കെയാണ് തീരുമാനം മാറ്റിയത്.