
ബംഗളൂരു: ബംഗളൂരുവിലെ അപ്പാര്‍ട്മെന്റില്‍ അസമീസ് വ്ളോഗറായ മായ ഗൊഗോയിയെ കൊലപ്പെടുത്തിയ കേസില്‍ കണ്ണൂര്‍ സ്വദേശി ആരവ് ഹനോയ് കുറ്റം സമ്മതിച്ചു. മായയ്ക്ക് മറ്റ് പ്രണയബന്ധമുണ്ടോയെന്ന സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. ഇന്ദിരാ നഗറിലെ അപ്പാര്‍ട്മെന്റില്‍ മുറിയെടുത്തശേഷം മായയുമായി തര്‍ക്കമുണ്ടായെന്നും കൊലപാതകത്തിനുശേഷം ആത്മഹ്യക്ക് ശ്രമിച്ചെന്നും ആരവ് മൊഴി നല്‍കി.
ആറ് മാസം മുന്‍പ് ഒരു ഡേറ്റിംഗ് ആപ്പ് വഴിയാണ് മായയെ ആരവ് പരിചയപ്പെട്ടത്. നവംബര്‍ 24-ന് അര്‍ദ്ധരാത്രിയോടെയാണ് മായയെ കൊലപ്പെടുത്തിയത്. ശേഷം മുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങാന്‍ ശ്രമിച്ചു. മായയെ കൊലപ്പെടുത്തിയ കയര്‍ ഉപയോഗിച്ചാണ് കുരുക്കിട്ടതെങ്കിലും ഇത് മുറുകാതെ വന്നതിനാല്‍ ശ്രമം ഉപേക്ഷിച്ചുവെന്നും യുവാവ് പറഞ്ഞു.
മായയെ കൊലപ്പെടുത്താനെന്ന ഉദ്ദേശത്തിലാണ് ആരവ് ഇവിടെ എത്തിയത്. ഇതിനായി ഓണ്‍ലൈനില്‍ നിന്ന് കത്തിയും കയറും ഓര്‍ഡര്‍ ചെയ്തിരുന്നു. ഇതുപയോഗിച്ചാണ് കൊല നടത്തിയത്.