ആപ്പ് ഉപയോഗിച്ച് ശബ്ദം മോര്‍ഫ് ചെയ്തു; അധ്യാപികയെന്ന് പറഞ്ഞ് പെണ്‍ക്കുട്ടികളെ വിളിച്ചുവരുത്തി പീഡനം: മധ്യപ്രദേശില്‍ യുവാവ് അറസ്റ്റില്‍

ഭോപ്പാല്‍: സ്ത്രീ ശബ്ദത്തില്‍ പെണ്‍കുട്ടികളെ വിളിച്ച് കബളിപ്പിച്ച് പീഡിപ്പിക്കുന്ന യുവാവ് മധ്യപ്രദേശില്‍ അറസ്റ്റിലായി. മുമ്പ് മില്ലിലെ തൊഴിലാളിയായി ജോലി ചെയ്തിരുന്ന ബ്രജേഷ് കുശ്വാഹ എന്നയാളാണ് പിടിയിലായത്. ഇയാള്‍ക്കൊപ്പം കൂട്ടുപ്രതികളായ രണ്ടുപേര്‍ക്കൂടി പിടിയിലായിട്ടുണ്ട്‌. കോളേജ് വിദ്യാര്‍ത്ഥികളായ ആദിവാസി പെണ്‍കുട്ടികളാണ് ഇയാളുടെ ഇരകളായിരുന്നത്.

ശബ്ദം മാറ്റാന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്പ് ഉപയോഗിക്ക് സ്ത്രീ ശബ്ദത്തിലാണ് ഇയാള്‍ ഇരകളോട് സംസാരിച്ചിരുന്നത്. കോളേജിലെ പ്രൊഫസറാണെന്നും സ്‌കോളര്‍ഷിപ്പിനായി ചില പേപ്പര്‍ വര്‍ക്കുകള്‍ അത്യാവശ്യമായി ചെയ്തു തീര്‍ക്കേണ്ടതുണ്ടെന്നും വേഗത്തില്‍ കോളേജില്‍ എത്താനും പറയും. എന്നിട്ട് വേഗത്തിലെത്താന്‍ തന്റെ മകനെ അയയ്ക്കാമെന്നും അവനൊപ്പം ബൈക്കില്‍ വന്നാല്‍ മതിയെന്നും ഇയാള്‍ നിര്‍ദേശിക്കും. കേള്‍ക്കുന്നത് സ്ത്രീ ശബ്ദമായതുകൊണ്ടുതന്നെ വിദ്യാര്‍ത്ഥികള്‍ക്ക് സംശയം തോന്നിയിരുന്നുമില്ല.

നിര്‍ദേശമനുസരിച്ച് കുട്ടികള്‍ വഴിയില്‍ കാത്തു നില്‍ക്കുകയും അധ്യാപികയുടെ മകന്‍ എന്ന പോലെ ബ്രജേഷ് ബൈക്കിലെത്തുകയും ചെയ്യും. പിന്നീട് പെണ്‍കുട്ടികളെ കാട്ടിലെത്തിച്ച് പീഡിപ്പിക്കുകയും അവരുടെ മൊബൈല്‍ നശിപ്പിച്ച് കളയുകയുമായിരുന്നു പ്രതിയുടെ രീതി.

പ്രതി ഹെല്‍മറ്റ് ധരിക്കുന്നതുകൊണ്ടുതന്നെ പെണ്‍കുട്ടികള്‍ക്ക് ഇയാളുടെ മുഖം വ്യക്തമായിരുന്നില്ല. എന്നാല്‍ കയ്യില്‍ സ്ഥിരമായി ഗ്ലൗസ് ധരിക്കുമെന്നും പൊള്ളിയ പാടുണ്ടെന്ന ഒരു ഇരയുടെ മൊഴിയുമാണ് പ്രതിയെ കുടുക്കാന്‍ പൊലീസിനെ സഹായിച്ചത്. മഹാരാഷ്ട്രയിലെ ഒരു റോളിംഗ് മില്ലില്‍ ജോലി ചെയ്യുന്നതിനിടെ കൈ പൊള്ളലേറ്റ കുശ്വാഹയുടെ അടുത്തേക്ക് പൊലീസിനെ എത്തിച്ചത് ഈ നിര്‍ണായക വിവരമായിരുന്നു. കുറഞ്ഞത് ഏഴ് ട്രൈബല്‍ കോളേജ് വിദ്യാര്‍ത്ഥികളെയാണ് ഇയാള്‍ ഇത്തരത്തില് ലൈംഗികമായി പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു

പ്രതി നിരക്ഷരനാണെന്നും എന്നാല്‍ ആപ്പ് എങ്ങനെ ഉപയോഗിക്കാമെന്നും മറ്റുമൊക്കെ അയാള്‍ പഠിച്ചെടുക്കുകയായിരുന്നുവെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ശബ്ദം മാറ്റുന്ന ആപ്പുകള്‍ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് സൈബര്‍ സെല്‍ ആളുകള്‍ക്ക് ഉപദേശവും നല്‍കിയിട്ടുണ്ട്. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് കേസ് അന്വേഷിക്കാനും പ്രതി കൂടുതല്‍ സ്ത്രീകളെ ലക്ഷ്യമിട്ടിരുന്നോ എന്ന് പരിശോധിക്കാനും ഒമ്പതംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

More Stories from this section

family-dental
witywide