
തിരുവനന്തപുരം: അന്തരിച്ച സീതാറാം യെച്ചൂരിയുടെ പിന്‍ഗാമിയായി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ ചുമതല ആര്‍ക്കു നല്‍കണം എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ സി പി എം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് രാത്രിയോടെ ചേരും. വിലാപയാത്രക്ക് ശേഷം സീതാറാം യെച്ചൂരിയുടെ ഭൗതിക ശരീരം എയിംസിനു പഠനത്തിനായി കൈമാറിയതിന് ശേഷമാരും സി പി എം പിബി യോഗം ചേരുക. വൃന്ദ കാരാട്ട്, മുൻ തൃപുര മുഖ്യമന്ത്രി മണിക് സർക്കാർ, കേരളത്തിൽ നിന്നുള്ള പി ബി അംഗം എം എ ബേബി തുടങ്ങിയ പേരുകളാണ് ചർച്ചകളിൽ സജീവമെന്നാണ് വിവരം. ഇക്കാര്യത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെയും മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിന്‍റെയും നിലപാടാകും നിർണായകമാകുക.
ഇന്ന് ചേരുന്ന പിബി യോഗം ഇക്കാര്യത്തിൽ പ്രാഥമിക ധാരണയില്‍ എത്തിയേക്കും. ശേഷം 27 ന് ചേരുന്ന കേന്ദ്ര കമ്മിറ്റിയാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. അടുത്ത വർഷം ഏപ്രിലിൽ മധുരയിൽ പാർട്ടി കോൺഗ്രസ് നടത്താനാണ് കേന്ദ്ര കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. മുൻപ് മൂന്നു തവണ സെക്രട്ടറിയായിരുന്നതിനാൽ പ്രകാശ് കാരാട്ടിന് താൽക്കാലിക ചുമതല നൽകാൻ സാധ്യതയുണ്ട്.
ബംഗാൾ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം, ബി വി രാഘവലു, തപൻസെൻ എന്നിവരും പരിഗണിക്കപ്പെടാനിടയുണ്ട്. കേരള ഘടകത്തിന്റെ നിലപാടും ഇതിൽ നിർണായകമാകും. പിണറായിയുടെയും കേരള ഘടകത്തിന്‍റെയും തീരുമാനം അനുകൂലമായാൽ ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന എം എ ബേബിക്ക് സാധ്യത കൂടുമെന്ന വിലയിരുത്തലുകളുമുണ്ട്.