
ന്യൂഡൽഹി: ഒരു ഇന്ത്യൻ പൗരൻ ഉൾപ്പെടെ 21 ജീവനക്കാരെ ഹൂതി മിസൈൽ ആക്രമണത്തിൽ നിന്ന് വിജയകരമായി രക്ഷപ്പെടുത്തി ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് കൊൽക്കത്ത. യെമനിലെ ഹൂതി തീവ്രവാദികളുടെ മിസൈൽ ആക്രമണത്തിൽ എംവി ട്രൂ കോൺഫിഡൻസ് എന്ന കപ്പൽ ഇടിച്ചതിനെ തുടർന്ന് മൂന്ന് പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
യെമനിലെ തുറമുഖ നഗരമായ ഏദനിൽ നിന്ന് ഏകദേശം 55 നോട്ടിക്കൽ മൈൽ (101 കിലോമീറ്റർ) തെക്കുപടിഞ്ഞാറായി ബുധനാഴ്ചയാണ് സംഭവം. ഗൾഫ് ഓഫ് ഏദനിൽ സമുദ്ര സുരക്ഷാ പ്രവർത്തനങ്ങൾക്കായി വിന്യസിച്ചിരിക്കുന്ന ഐഎൻഎസ് കൊൽക്കത്ത അപകടസ്ഥലത്തേക്ക് കുതിക്കുകയായിരുന്നു.
ഐഎൻഎസ് കൊൽക്കത്ത വൈകുന്നേരം 4:45 ന് എത്തിയെന്നും ഹെലികോപ്റ്ററും ബോട്ടുകളും ഉപയോഗിച്ച് വേഗത്തിൽ രക്ഷാപ്രവർത്തനം നടത്തിയെന്നും നാവികസേനാ വക്താവ് കമാൻഡർ വിവേക് മധ്വാൾ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റവർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് കപ്പലിൻ്റെ മെഡിക്കൽ ടീമിൽ നിന്ന് അവശ്യ വൈദ്യസഹായം ലഭിച്ചു.
വിജയകരമായ രക്ഷാപ്രവർത്തനത്തെത്തുടർന്ന്, പരിക്കേറ്റ ഉദ്യോഗസ്ഥരോടൊപ്പം 21 ജീവനക്കാരെയും അതേ ദിവസം തന്നെ ജിബൂട്ടിയിലേക്ക് മാറ്റി.














