യുഎസിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി പെപ്‌സികോ മുൻ മേധാവി ഇന്ദ്രാ നൂയി

ന്യൂയോർക്ക്: യുഎസിൽ ഇന്ത്യൻ വിദ്യാർഥികൾ കൊല്ലപ്പെടുന്നത് തുടർക്കഥയാകുന്നതിനിടെ പ്രതികരണവുമായി പെപ്സികോയുടെ മുൻ സിഇഒ ഇന്ദ്രാ നൂയി. വിദ്യാർഥികളോട് ജാഗ്രതപാലിക്കാനും പ്രാദേശിക നിയമങ്ങൾ അനുസരിക്കാനും ഓരോരുത്തരും തങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ലഹരി ഉപയോഗത്തിന് അടിമകളാകരുതെന്നും ഇന്ദ്രാ നൂയി പറഞ്ഞു.

ആഗോളതലത്തിൽ ഏറ്റവും ശക്തരും സ്വാധീനമുള്ളവരുമായ ബിസിനസ് എക്സിക്യൂട്ടീവുകളിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഇന്ദ്രാ നൂയി, യുഎസിലേക്ക് വരുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിതമായും ജാഗ്രതയോടെയും തുടരാനും അവരെ കുഴപ്പത്തിലാക്കുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കാനും ഉപദേശിക്കുന്ന 10 മിനിറ്റിലധികം ദൈർഘ്യമുള്ള വീഡിയോ പുറത്തിറക്കി. വ്യാഴാഴ്ച ന്യൂയോർക്കിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ എക്‌സിൽ വീഡിയോ പോസ്റ്റ് ചെയ്തു.

“ഞാൻ ഈ വീഡിയോ റെക്കോർഡ് ചെയ്യുന്നതിൻ്റെ കാരണം, യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് വരാൻ ആഗ്രഹിക്കുന്ന അല്ലെങ്കിൽ ഇതിനകം ഇവിടെ പഠനം തുടരുന്ന യുവാക്കളോട് സംസാരിക്കാനാണ്. കാരണം ഞാൻ എല്ലാ വാർത്തകളും വായിക്കുകയും കേൾക്കുകയും ചെയ്യുന്നു. ദൗർഭാഗ്യകരമായ സാഹചര്യങ്ങളിൽ ഇന്ത്യൻ വിദ്യാർത്ഥികൾ അകപ്പെടുന്നതിന്റെ നിരവധി ഉദാഹരണങ്ങളാണ് ചുറ്റുമുള്ളത്,” 68 കാരിയായ നൂയി വീഡിയോയിൽ പറഞ്ഞു.

“സുരക്ഷിതമായി തുടരാൻ ചെയ്യേണ്ട കാര്യങ്ങ നിങ്ങൾ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് നിങ്ങൾ തന്നെയാണ്… നിയമത്തിന് വിധേയമായിരിക്കുക, രാത്രിയിൽ ഒറ്റയ്ക്ക് ഇരുട്ടുള്ള സ്ഥലങ്ങളിലേക്ക് പോകരുത്, മയക്കുമരുന്നിലോ അമിത മദ്യപാനത്തിലോ ഏർപ്പെടരുത്. ഇതെല്ലാം ദുരന്തങ്ങളിലേക്ക് നയിക്കും,” അവർ പറഞ്ഞു.

More Stories from this section

family-dental
witywide