ഫോർട്ട് കൊച്ചിയിൽ നേർക്കുനേർ ബോട്ടുകൾ, തമ്മിൽ കൂട്ടിയിടിച്ചു? പരിഭ്രാന്തരായി യാത്രക്കാർ; ഉരസൽ മാത്രമെന്ന് വാട്ടർ മെട്രോ അതോറിറ്റി

കൊച്ചി: ഫോർട്ട് കൊച്ചിയിൽ വാട്ടർ മെട്രോ ബോട്ടുകൾ കൂട്ടിയിടിച്ചത് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി. ഫോർട്ട് കൊച്ചി ജെട്ടിയിൽ നിന്നും പുറപ്പെട്ട ബോട്ട് 50 മീറ്റർ കഴിഞ്ഞപ്പോഴാണ് ഹൈക്കോടതി ഭാഗത്ത് നിന്നും വന്ന ബോട്ടുമായി കൂട്ടിയിടിച്ചത്. ഉച്ചയ്ക്ക് 12.30 നായിരുന്നു സംഭവം. ഫോർട്ട് കൊച്ചിയിൽ നിന്ന് ഹൈക്കോടതി ജെട്ടിയിലേക്ക് പോകുകയായിരുന്ന ബോട്ട് പിന്നോട്ട് എടുത്തപ്പോൾ മറ്റേ ബോട്ടിലേക്ക് ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആർക്കും പരിക്കില്ല. പക്ഷേ ബോട്ടുകളില്‍ ഒന്നിന്‍റെ അപായ മുന്നറിയിപ്പ് മുഴങ്ങിയതും ബോട്ടിന്‍റെ വാതില്‍ തുറക്കുകയും ചെയ്തത് യാത്രക്കാരില്‍ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.

അതേസമയം ഫോർട്ടുകൊച്ചിയിൽ വാട്ടർ മെട്രോ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച സംഭവത്തിൽ വിശദീകരണവുമായി കേരള വാട്ടർ മെട്രോ അതോറിറ്റി പിന്നാലെ രംഗത്തെത്തി. യാതൊരുവിധത്തിലുള്ള സുരക്ഷാ വീഴ്ചയും ബോട്ടിൽ ഉണ്ടായിട്ടില്ലെന്നും റോ റോ സർവീസ് ക്രോസ് ചെയ്തതിന്റെ ഭാഗമായി മെട്രോ ബോട്ടുകൾ തമ്മിൽ കൂട്ടി ഉരസുകയായിരുന്നു എന്നാണ് വാട്ടർ മെട്രോ അതോറിറ്റിയുടെ വിശദീകരണം.മെട്രോ ബോട്ടുകൾ തമ്മിൽ കൂട്ടി ഉരസിയപ്പോഴാണ് സുരക്ഷ അലാറം അടിച്ചത്. ഈ സുരക്ഷ അലാറം അടിച്ചതിനാനാലാണ് എമർജൻസി എക്സിറ്റ് തനിയെ തുറന്നത്. ബോട്ടിൽ ഉണ്ടായിരുന്ന മൂന്ന് യൂട്യൂബർമാരാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്നും വാട്ടർ മെട്രോ അതോറിറ്റി നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കി.

യൂട്യൂബർമാർ പ്രവേശനാനുമതി ഇല്ലാതെ ബോട്ടിന്റെ ക്യാബിനുള്ളിലേക്ക് കയറാൻ ശ്രമിക്കുകയും ആയിരുന്നു. ഇതാണ് തെറ്റിദ്ധാരണ ജനിപ്പിക്കുന്ന വാർത്തകൾക്ക് കാരണമായതെന്നും വാട്ടർ മെട്രോ അറിയിച്ചു.

More Stories from this section

family-dental
witywide