
തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ വീടും ബന്ധുക്കളും നഷ്ടപ്പെടുകയും, പിന്നീടുണ്ടായ വാഹനാപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി നല്‍കാൻ മന്ത്രിസഭാ തീരുമാനം. റവന്യൂ വകുപ്പില്‍ ക്ളർക്കായി നിയമനം നല്‍കാനാണ് തീരുമാനം. നിയമനം നടത്താൻ വയനാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവിറക്കി.
ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു . കഴിഞ്ഞ ജൂലൈ 30നുണ്ടായ ഉരുള്‍പൊട്ടലിലാണ് ശ്രുതിക്ക് അമ്മയെയും അച്ഛനെയും സഹോദരിയെയും അടക്കമുള്ള ബന്ധുക്കളെ നഷ്ടമായത്. തുടര്‍ന്ന് താങ്ങായി നിന്ന പ്രതിശ്രുത വരന്‍ ജെന്‍സണെയും യാദൃശ്ചികമായുണ്ടായ അപകടത്തില്‍ നഷ്ടമായിരുന്നു.
വയനാട് കല്‍പറ്റയിലുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് ജെന്‍സണ്‍ മരണപ്പെട്ടത്. ഉരുള്‍പൊട്ടലിനുശേഷം ബന്ധുവിനൊപ്പം കല്‍പ്പറ്റയില്‍ കഴിയുന്ന ശ്രുതിയുടെ വിവാഹം കഴിഞ്ഞ മാസം നടത്താനിരിക്കെയായിരുന്നു വരന്‍റെ അപ്രതീക്ഷിത വിയോഗം.