
നിലമ്പൂർ: നാടിനെ ദുഃഖത്തിലാഴ്ത്തിയ വയനാട് ജില്ലയിലെ മുണ്ടക്കൈ ഉരുൾപൊട്ടലിനെതുടർന്ന് ചാലിയാർ പുഴയിൽനിന്ന് വ‍്യാഴാഴ്ച ആറു മൃതദേഹങ്ങളും 20 ശരീരഭാഗങ്ങളും കണ്ടെത്തി. മൃതദേഹങ്ങളിൽ മൂന്നെണ്ണം പുരുഷന്മാരുടേതും മൂന്നെണ്ണം സ്ത്രീകളുടേതുമാണ്. മൂന്നു ദിവസങ്ങളിലായി ഇതിനകം ചാലിയാറിൽനിന്ന് കണ്ടെടുത്തത് 58 മൃതദേഹങ്ങളും 95 ശരീരഭാഗങ്ങളുമാണ്.
ഇതുവരെ കണ്ടെടുത്ത 58 മൃതദേഹങ്ങളിൽ 32 എണ്ണം പുരുഷന്മാരുടേതും 23 എണ്ണം സ്ത്രീകളുടേതും രണ്ട് ആൺകുട്ടികളുടേതും ഒരു പെൺകുട്ടിയുടേതുമാണ്. പൊലീസ്, അഗ്നിരക്ഷാസേന, എൻ.ഡി.ആർ.എഫ്, വനം വകുപ്പ്, സന്നദ്ധസംഘടനകൾ, നാട്ടുകാർ, വളന്റിയർമാർ എന്നിവർ ചേർന്ന് മൂന്നു ദിവസമായി നടത്തിയ തിരച്ചിലിലാണ് ഇവ ലഭിച്ചത്.
നിലമ്പൂർ ജില്ലാ ആശുപത്രിയിലുള്ള മൃതദേഹങ്ങൾ, മൃതദേഹ ഭാഗങ്ങൾ എന്നിവയിൽ 149 എണ്ണത്തിൻ്റെയും പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. മൃതദേഹവും മൃതദേഹഭാഗങ്ങളും ഉൾപ്പെടെ 140 പേരുടെ ചേതനയറ്റ ശരീരമാണ് വയനാട്ടിലേക്ക് മാറ്റിയത്. നടപടിക്രമങ്ങൾ പൂർത്തിയാവുന്ന മുറയ്ക്ക് ബാക്കിയുള്ള മൃതദേഹവും മൃതദേഹ ഭാഗങ്ങളും ഇന്ന് തന്നെ വയനാട്ടിലേക്ക് കൊണ്ടുപോകുമെന്നും അധികൃതർ വ്യക്തമാക്കി. ചാലിയാറിലും തീരത്തുമായുള്ള ഇന്നത്തെ തിരച്ചിൽ നിർത്തിയിട്ടുണ്ട്.