
മേപ്പാടി: വയനാട് ഉരുൾപൊട്ടലിനെ തുടർന്ന് ചാലിയാർ തീരത്തെ ദുർഘട മേഖലയായ സൺറൈസ് വാലിയിലെ ദൗത്യ സംഘത്തിൻ്റെ പരിശോധന ഇന്നും തുടരുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. ത്രിതല പഞ്ചായത്ത് അധ്യക്ഷൻന്മാരുടെയും സെക്രട്ടറിന്മാരുടെയും അടിയന്തര യോഗം ഇന്ന് കളക്ട്രേറ്റിൽ ചേരും. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ മന്ത്രിസഭാ ഉപസമിതിയുടെ സാന്നിധ്യത്തിൽ ചേർന്ന വിവിധ സേനാ വിഭാഗങ്ങളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഇന്ന് വിവിധ വകുപ്പുകളുടെ മേധാവിമാർ ചേർന്നാണ് പരിശോധന നടത്തുക. നേരത്തെ പരിശോധന നടത്തിയ ഇടങ്ങളിൽ വീണ്ടും വിശദമായ പരിശോധന നടത്തും. സൺറൈസ് വാലിയിൽ പ്രത്യേക സംഘത്തിന്റെ പരിശോധന ഇന്നും ഉണ്ടാകും. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ ഹെലികോപ്റ്ററിൽ ഇറങ്ങിയ പ്രത്യേക സംഘം ഇന്നലെ നാലു കിലോമീറ്റർ ദൂരം പരിശോധന നടത്തിയിരുന്നു. ഇന്ന് ആറു കിലോമീറ്റർ ദൂരം പരിശോധന നടത്താനാണ് ആലോചന. 152 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.
പ്രകൃതിദുരന്ത മേഖലകളിൽ പകർച്ചവ്യാധികൾ പ്രതിരോധിക്കാൻ ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ ജലസ്രോതസ്സുകൾ ശുചീകരിക്കും. മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ എ കെ ശശീന്ദ്രൻ, പി എ മുഹമ്മദ് റിയാസ്, ഒ ആർ കേളു, ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ, വിവിധ സേനാ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവർ കഴിഞ്ഞദിവസം നടന്ന യോഗത്തിൽ പങ്കെടുത്തു.