
കല്‍പ്പറ്റ: നാളെ ചെയ്യാനുള്ള കാര്യങ്ങളും ജീവിതത്തിലെ പ്രതീക്ഷകളും സ്വപ്‌നങ്ങളുമെല്ലാമായി ഉറങ്ങാന്‍ കിടന്നവര്‍ പിന്നീടൊരു വെളിച്ചം കാണാതെ പോകുക, വെളിച്ചം കണ്ടവരുടെ കണ്ണിലാകെ ഇരുട്ട് പടരുക, പ്രിയപ്പെട്ടവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയാന്‍ പറ്റാതെ പോകുക…മഹാദുരന്തത്തിന്റെ ബാക്കിപത്രങ്ങളായവര്‍ക്ക് വേദനമാത്രം!
ഒറ്റരാത്രികൊണ്ട് ചൂരല്‍മലയും മുണ്ടക്കൈയും പേരുമാത്രമായി അവശേഷിച്ച ദുരന്തത്തില്‍ ഇതുവരെ കണ്ടെടുത്തത് 270 മൃതദേഹങ്ങള്‍. അനൗദ്യോഗിക കണക്കനുസരിച്ച് മൂന്നൂറോ, നാനൂറോ പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് അതിജീവിച്ച പ്രദേശ വാസികള്‍ പറയുന്നു. മണ്ണിനടിയില്‍ ജീവന്റെ തുടിപ്പു തേടുന്നവര്‍ക്ക് പ്രതികൂല കാലാവസ്ഥ വിലങ്ങുതടിയായിട്ടും രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ ഒരാളെയെങ്കിലും ജീവനോടെ രക്ഷിക്കാനാകുമോ എന്ന പാച്ചിലിലാണ്. പാറക്കല്ലുകളും ചെളിയും നിറഞ്ഞ വീടുകളില്‍ ഇനിയും നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായാണ് സംശയം. 1592 പേരെ ഇതുവരെ രക്ഷപ്പെടുത്തി. 8107 പേര്‍ ദുരിതാശ്വാസ ക്യാംപുകളിലാണ്.
അതേസമയം, ഇന്നലെ സൈന്യം ആരംഭിച്ച ബെയ്‌ലി പാലത്തിന്റെ നിര്‍മാണം അവസാനഘട്ടത്തിലാണ്. കരസേനയുടെ അംഗങ്ങളാണ് പാലം നിര്‍മ്മിക്കുന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ മുണ്ടക്കൈ ഭാഗത്തുള്ള കരയില്‍ പാലം ബന്ധിപ്പിക്കാനാകുമെന്നാണ് കരുതുന്നത്. രാത്രിയിലും തുടര്‍ന്ന പാലത്തിന്റെ നിര്‍മാണം രാവിലെയായപ്പോള്‍ അന്തിമഘട്ടത്തിലെത്തിയിട്ടുണ്ട്. പണി പൂര്‍ത്തീകരിച്ചാല്‍ ജെസിബി വരെയുള്ള വാഹനങ്ങള്‍ ബെയിലി പാലത്തിലൂടെ കടന്നുപോകാനാവും.
ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി നിര്‍മ്മിച്ച താത്കാലിക പാലം ഇന്നലെ മുങ്ങിയിരുന്നു. പ്രവര്‍ത്തകര്‍ വടം ഉപയോഗിച്ചാണ് മറുകരയിലേക്ക് എത്തിയത്.














