വയനാട് ഉരുൾപൊട്ടൽ: കാണാമറയത്ത് 119 പേർ; ഡിഎൻഎ ഫലങ്ങൾ കിട്ടിത്തുടങ്ങി

കൽപറ്റ: വയനാട് ജില്ലയിലെ മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവരുടെ കരട് പട്ടിക പുതുക്കി. ഇപ്പോഴത്തെ കണക്ക് അനുസരിച്ച് 119 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ആദ്യം തയ്യാറാക്കിയ പട്ടികയിൽ 128 പേരാണ് ഉണ്ടായിരുന്നത്. ഡിഎൻഎ ഫലം കിട്ടിത്തുടങ്ങിയതിനു പിന്നാലെയാണ് കാണാതായവരുടെ എണ്ണം വീണ്ടും കുറഞ്ഞത്. ഡിഎൻഎ ഫലം കിട്ടിയതോടെയാണ് കാണാതായവരെ സംബന്ധിച്ച കണക്കുകളിൽ വ്യക്തത വന്നിരിക്കുന്നത്.

ഡിഎൻഎ പരിശോധനയിലൂടെ മൃതദേഹം തിരിച്ചറിയുന്നതിനൊപ്പം കാണാതായവരുടെ പട്ടിക പുതുക്കാനാകുമെന്നും അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് 14 വരെ 401 ഡിഎൻഎ പരിശോധനകളാണ് നടന്നത്. കൂടുതൽ അഴുകിയ ശരീരഭാഗങ്ങളുടെ ഡിഎൻഎ പരിശോധനാഫലങ്ങള്‍ ലഭിക്കാൻ വൈകിയിരുന്നു. ബന്ധുക്കളുടെ ഡിഎൻഎയുമായി ഒത്തുനോക്കിയാണ് നിലവിൽ ആളുകളെ തിരിച്ചറിയുന്നത്.

ഡിഎൻഎ വിവരങ്ങൾ ഇനിയും സർക്കാർ പുറത്ത് വിട്ടിട്ടില്ല. കാണാതായവരുടെ അടുത്ത ബന്ധുക്കളുടെ രക്തസാമ്പിളുകളുടെ വിവരങ്ങൾ തമ്മിൽ താരതമ്യം ചെയ്യുന്ന നടപടി ആണ് ഇനി പൂർത്തീകരിക്കാൻ ബാക്കി ഉള്ളത്. ഉരുൾപൊട്ടലിൽ നഷ്ടപ്പെട്ട വാഹനങ്ങളുടെ വിവരം മോട്ടോര്‍ വാഹന വകുപ്പ് ശേഖരിക്കുന്നു. പൂര്‍ണ്ണമായി നഷ്ടപ്പെട്ട വാഹനങ്ങള്‍, ഉപയോഗ യോഗ്യമല്ലാത്ത വാഹനങ്ങള്‍ എന്നീ വിവരങ്ങളാണ് ശേഖരിക്കുന്നത്.

കാണാതായവർക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുന്നുണ്ട്. മുണ്ടക്കൈ, ചൂരൽമല മേഖലകളിലും സൂചിപ്പാറ ചാലിയാർ പുഴയുടെ തീരങ്ങളിലും തിരച്ചിൽ നടക്കും. കഴിഞ്ഞ ദിവസങ്ങളിലെ ഇവിടെ നടന്ന തിരച്ചിലിൽ മൃതദേഹങ്ങളോ മൃതദേഹഭാഗങ്ങളോ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

More Stories from this section

family-dental
witywide