
തിരുവനന്തപുരം: വയനാട് ഉണ്ടായ വന്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു. ഫോണ്‍ : 9497900402, 0471 2721566. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലേയ്ക്ക് പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കാം. സംസ്ഥാന പൊലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്. കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന വിവരങ്ങള്‍ അപ്പപ്പോള്‍ ദുരിതബാധിത പ്രദേശത്തെ തിരച്ചില്‍ സംഘങ്ങള്‍ക്ക് കൈമാറുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് ഉത്തരമേഖല ഐ ജിയും കണ്ണൂര്‍ ഡി ഐ ജിയും അല്പ സമയത്തിനുള്ളില്‍ വയനാട് എത്തും. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ക്രമസമാധാനവിഭാഗം എ ഡി ജി പിക്ക് സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കി.
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ കേരള ആംഡ് പൊലീസ് നാല്, അഞ്ച് ബറ്റാലിയനുകള്‍, മലബാര്‍ സ്‌പെഷ്യല്‍ പൊലീസ് എന്നിവിടങ്ങളില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വയനാട്ടേയ്ക്ക് തിരിച്ചു.














