
ഡൽഹി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം ലോക്സഭയിൽ ഉന്നയിച്ച് രാഹുൽ ഗാന്ധി. സാധ്യമായ എല്ലാ ഇടപെടലുകളും താൻ നടത്തിയിട്ടുണ്ടെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് കേന്ദ്രം കൂടുതൽ സഹായം നൽകണമെന്നും ആവശ്യപ്പെട്ടു. 70 ലധികം ആളുകള്‍ മരിച്ചു. മുണ്ടക്കൈ ഗ്രാമം ഒലിച്ചുപോയി. കേന്ദ്രം പ്രഖ്യാപിച്ച സഹായധനം കൂട്ടണമെന്നും പ്രളയക്കെടുതി നേരിടാൻ കൂടുതല്‍ ഇടപെടല്‍ നടത്തണമെന്നും വയനാട് മുന്‍ എം പി കൂടിയായ രാഹുൽ ആവശ്യപ്പെട്ടു.
നേരത്തെ വിഷയത്തില്‍ കേന്ദ്രമന്ത്രിമാരുമായി സംസാരിക്കുമെന്നും വയനാടിന് സാധ്യമായ എല്ലാ സഹായങ്ങളുമെത്തിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ദുരന്തമറിഞ്ഞയുടന്‍ മുഖ്യമന്ത്രിയോട് സംസാരിച്ചെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു. വയനാട്ടിലെ വന്‍ ഉരുള്‍പൊട്ടലില്‍ അഗാധമായ വേദനയുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. വയനാട് ജില്ലാ കളക്ടറുമായും സംസാരിച്ചു. വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ പങ്കുവച്ച കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
അതേസമയം വയനാട്ടിലെ ദുരന്ത മുഖത്ത് ആശ്വാസമേകാൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉടൻ എത്തുമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചിട്ടുണ്ട്. ഇന്നോ നാളെയോ രാഹുൽ വയനാട്ടിലേക്ക് തിരിക്കുമെന്നാണ് കെ സി പറഞ്ഞത്. രാഹുലിനോപ്പം പ്രിയങ്ക ഗാന്ധിയും ഉണ്ടാകുമെന്നാണ് വിവരം. ഇക്കാര്യത്തിൽ തീരുമാനം ഉടൻ ഉണ്ടാകുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.














