
മോസ്‌കോ: യുക്രൈനില്‍ നടത്തിയ ആക്രമണത്തില്‍ ഉപയോഗിച്ചത് ഭൂഖണ്ഡാന്തര മിസൈൽ അല്ലെന്നും മധ്യദൂര ഹൈപ്പര്‍സോണിക് മിസൈലാണെന്നും വിശദീകരിച്ച് റഷ്യ. യു.എസ്, ബ്രീട്ടീഷ് നിർമിത മിസൈലുകള്‍ ഉപയോഗിച്ച് റഷ്യയ്‌ക്കെതിരെ നടത്തിയ ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയാണിതെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ വ്യക്തമാക്കി. രാജ്യവ്യാപകമായി സംപ്രേഷണം ചെയ്ത ടെലിവിഷന്‍ പ്രസംഗത്തിലാണ് പുട്ടിന്റെ പ്രതികരണം.
ആണവായുധം വഹിക്കാന്‍വേണ്ടി രൂപകൽപനചെയ്തിട്ടുള്ള ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈല്‍ (ഐ.സി.ബി.എം.) ആണ് റഷ്യ പ്രയോഗിച്ചതെന്ന് യുക്രൈന്‍ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുടിന്റെ വിശദീകരണം. റഷ്യന്‍ മിസൈലുകളെ തടയാന്‍ യു.എസ്. വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ക്ക് കഴിയില്ലെന്നും അവകാശപ്പെട്ടു.
അതേസമയം, റഷ്യയെ ആക്രമിക്കാന്‍ മിസൈലുകള്‍ ഉപയോഗിച്ച രാജ്യങ്ങള്‍ക്കെതിരേ പ്രയോഗിക്കുമെന്നും പുട്ടിൻ മുന്നറിയിപ്പ് നല്‍കി. പാശ്ചാത്യനിര്‍മിത ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിച്ച് യുക്രൈന്‍ റഷ്യയെ ആക്രമിച്ചാല്‍ അത് റഷ്യയും നാറ്റോയും തമ്മിലുള്ള യുദ്ധത്തില്‍ കലാശിക്കുമെന്ന് യു.എസിനും നാറ്റോ സഖ്യകക്ഷികള്‍ക്കും പുട്ടിൻ മുന്നറിയിപ്പ് നല്‍കിയിരുന്നു.
we are not using icbm, says Putin














