
വാഷിങ്ടൺ: അമേരിക്കയിലെ കുട്ടികളുടെ മരണത്തിന് പ്രധാന കാരണമായി തോക്ക് അക്രമം മാറിയെന്ന് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. 2024 ആരംഭിച്ച് ആദ്യ നാല് ദിവസങ്ങളിൽ രാജ്യത്ത് വെടിവെപ്പിൽ 400 ലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു.
യുഎസിലെ അയോവയിലെ സ്‌കൂളിൽ ഒരു കൗമാരക്കാരൻ വെടിയുതിർത്തതിനെ തുടർന്ന് കൊല്ലപ്പെട്ട ആറാം ക്ലാസ് വിദ്യാർത്ഥിയുടെ മരണത്തിൽ കമലഹാരിസ് എക്സിൽ അനുശോചനം രേഖപ്പെടുത്തി.
“തോക്ക് ആക്രമണത്താൽ ബാധിക്കപ്പെട്ടട കുട്ടികളെക്കുറിച്ചാണ് ഞങ്ങൾ ചിന്തിക്കുന്നത്, സംഭവസ്ഥലത്ത് പെട്ടെന്ന് പ്രതികരിച്ച അധ്യാപകർക്കും ജീവനക്കാർക്കും നിയമപാലകർക്കും ഞങ്ങൾ നന്ദി അറിയിക്കുന്നു,” അവർ എഴുതി.
കഴിഞ്ഞ വർഷം സ്കൂളുകൾ, മാളുകൾ, ഡാൻസ് സ്റ്റുഡിയോകൾ, റെസ്റ്റോറന്റുകൾ എന്നിവിടങ്ങളിൽ 650 ഓളം കൂട്ട വെടിവയ്പ്പുകൾക്ക് സാക്ഷ്യം വഹിച്ച രാജ്യത്ത് തോക്ക് അക്രമം അവസാനിപ്പിക്കാൻ വൈസ് പ്രസിഡന്റ് യുഎസ് കോൺഗ്രസിനോടും നിയമസഭാംഗങ്ങളോടും അഭ്യർത്ഥിച്ചു.
“പരിഹാരങ്ങൾ നമുക്കറിയാം: പശ്ചാത്തല പരിശോധനകൾ സാർവത്രികമാക്കുക, റെഡ് ഫ്ളാഗ് നിയമങ്ങൾ പാസാക്കുക, ആക്രമണ ആയുധ നിരോധനം പുതുക്കുക. ഇപ്പോൾ, രാജ്യത്തുടനീളമുള്ള കോൺഗ്രസും സംസ്ഥാന നിയമസഭാംഗങ്ങളും പ്രവർത്തിക്കാൻ ധൈര്യം കാണിക്കണം,” അവർ എഴുതി.
മധ്യ പടിഞ്ഞാറൻ യുഎസ് സംസ്ഥാനമായ അയോവയിലെ പെറി ഹൈസ്‌കൂളിൽ വ്യാഴാഴ്ച നടന്ന വെടിവയ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു. സ്കൂളിലെ ആറാം ക്ളാസ് വിദ്യാർഥിയാണ് കൊല്ലപ്പെട്ടത്.
അക്രമം നടത്തിയ 17 വയസ്സുകാരൻ ഡിലൻ ബട്ലർ സംഭവ സ്ഥലത്തു തന്നെ സ്വയം വെടിവച്ചു ജീവനൊടുക്കിയതായി പൊലീസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 5 പേർക്ക് പരുക്കേറ്റിട്ടുണ്ട്. പമ്പ് ആക്ഷൻ പൈപ്പ് ഗണ്ണും ചെറിയ കൈത്തോക്കും അക്രമിയുടെ കയ്യിൽ ഉണ്ടായിരുന്നു എന്ന് പൊലീസ് അറിയിച്ചു. സ്കൂളിൽ നിന്ന് സ്ഫോടക വസ്തുക്കളും കണ്ടെത്തി. വെടിയേറ്റ 5 പേരെ അയോവയുടെ തലസ്ഥാനമായ ഡെസ്മോയ്ൻസിലുള്ള രണ്ട് ആശുപത്രികളിൽ പ്രവേശിപ്പിച്ചു.















