കൗമാര കാലത്തെ കഷ്ടപ്പാടുകൾ വെളിപ്പെടുത്തി കമല! ‘ഫാസ്റ്റ് ഫുഡ് ശൃംഖലകളിലടക്കം ജോലി ചെയ്തിട്ടുണ്ട്’, വൈകാരികമായ കുറിപ്പ്

വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വീറും വാശിയും ഓരോ ദിവസവും ഏറുകയാണ്. നിലവിലെ വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയും ഇന്ത്യന്‍ വംശജയുമായ കമലാ ഹാരിസിന് മുൻ‌തൂക്കം ഉണ്ടെന്ന സർവേകൾ ആണ് കൂടുതലായും പുറത്ത് വരുന്നത്. അതിനിടയിലാണ് താൻ സാധാരണക്കാരി ആണെന്ന് വ്യക്തമാക്കി കമല ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്.

ബാല്യ-കൗമാര കാലത്തെ ഓര്‍മകള്‍ പങ്കുവെക്കവേയാണ് കമലാ ഹാരിസ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൗമാര കാലത്ത് പണം സമ്പാദിക്കുന്നതിനായി ഫാസ്റ്റ് ഫുഡ് ശൃംഖലകളില്‍ ജോലി ചെയ്‌തെന്നതടക്കമുള്ള കാര്യങ്ങൾ ആണ് കമല വിചാരിച്ചത്. അമ്മയ്‌ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് കമല തന്റെ കൗമാര കാലത്തെ കുറിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ചത്.

വൈകാരികമായാണ് 59 കാരിയായ കമല തന്റെ ഓര്‍മകളെ വീണ്ടും കുറിച്ചത്. ജീവിതച്ചെലവ് ഏറുമ്പോള്‍ അമേരിക്കക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഇടത്തരം കുടുംബത്തില്‍ വളര്‍ന്ന തനിക്ക് മനസിലാക്കാന്‍ കഴിയുമെന്നും കമല ഹാരിസ് പറയുന്നു. സ്വന്തമായി ഒരു വീട് വാങ്ങുന്നതിനായി തന്റെ അമ്മ ഏറെ കഷ്ടപ്പെട്ടിരുന്നു. ഒടുവില്‍ താന്‍ കൗമാരക്കാരിയായ കാലത്താണ് ആ ആഗ്രഹം നടന്നതെന്നും കമല പറയുന്നു. ചിക്കാഗോയില്‍ നടക്കുന്ന നാഷണല്‍ കണ്‍വെന്‍ഷന് തൊട്ട് മുമ്പാണ് കമല തന്റെ ബാല്യകാല ഓര്‍മകള്‍ പങ്കുവെച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ട്രംപും കലയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്. സ്വകാര്യ ഇന്‍ഷുറന്‍സ് ഒഴിവാക്കാതെ തന്നെ ആരോഗ്യ സംരക്ഷണം വിപുലീകരിക്കാനാണ് കമല ലക്ഷ്യമിടുന്നത്.

യുഎസിലെ തോക്ക് സുരക്ഷാ നിയമങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നാണ് മറ്റൊരു വാഗ്ഗദാനം. നാറ്റോയെ പിന്തുണയ്ക്കുകയും യുക്രൈനിനുള്ള സഹായം തുടരുമെന്നുമാണ് അവരുടെ നിലപാട്.