
ചേലക്കര: ആലത്തൂരിലെ എൽഡിഎഫ് സ്ഥാനാർഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന ആരോപണവുമായി യുഡിഎഫ്. ആരോപണത്തിന് കാരണമായ സിസിടിവി ദൃശ്യങ്ങൾ യുഡിഎഫ് ക്യാമ്പ് പുറത്തുവിട്ടു. എന്നാൽ, പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്നാണ് സിപിഎമ്മിന്‍റെ വിശദീകരണം.
സിപിഎം കൊടിക്കെട്ടിയ വാഹനത്തിൽ നിന്ന് ആയുധങ്ങളെന്ന് തോന്നിപ്പിക്കുന്ന സാധനങ്ങൾ തൊട്ടടുത്ത ഓടയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതും പിന്നീട് സാധനങ്ങൾ കാറിലേക്ക് തിരികെ വെക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ആരോപണത്തിന് കാരണമായ ദൃശ്യങ്ങൾ ചേലക്കര പൊലീസിന് കൈമാറിയെന്നാണ് വിവരം. ആരോപണത്തിന്‍റെ നിജസ്ഥിതി അറിയാൻ സിസിടിവി ദൃശ്യങ്ങളിലുള്ള ആളുകളെ വിളിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.
തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണിതെന്നും ക്രിമിനൽ പാശ്ചാത്തലത്തിൽ ഉള്ളവരെ ജയിലിൽ സന്ദർശിച്ച ആളാണ് സ്ഥാനാർത്ഥിയെന്നുമാണ് യുഡിഎഫ് ആരോപിക്കുന്നത്. സിപിഐഎമ്മും എൽഡിഎഫും ആലത്തൂരിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം നടത്തുന്നുവെന്ന് യുഡിഎഫ് സ്ഥാനാർഥിയായ രമ്യ ഹരിദാസ് പ്രതികരിച്ചു.