
അമേരിക്കൻ പൊതു തിരഞ്ഞെടുപ്പിൻ്റെ എൻട്രി പോയിൻ്റായ അയോവ കോക്കസിൽ ഡോണൾഡ് ട്രംപിന് മിന്നുന്ന ജയം. റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയാകാനുള്ള ആദ്യ ഉൾപാർട്ടി വോട്ടെടുപ്പിൽ 51.01 ശതമാനം വോട്ടുകൾ ട്രംപ് കരസ്ഥമാക്കി. ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് 21.23 ശതമാനം വോട്ടും മുൻ യുഎൻ അംബാസിഡർ നിക്കി ഹേലിക്ക് 19.12 ശതമാനം വോട്ടും കിട്ടി
അതേസമയം ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമി പ്രസിഡന്റ് സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറി, ട്രംപിന് പിന്തുണ പ്രഖ്യാപിച്ചു. ഏഴ് ശതമാനം വോട്ടുകളോടെ നാലാം സ്ഥാനത്തായിരുന്നു വിവേക് രാമസ്വാമി.ട്രംപിന് 25813 , ഡി സാന്റിസിന് 10,036 , നിക്കി ഹാലെയ്ക്ക് 9,387 വോട്ടുകളാണ് ലഭിച്ചത്. വിവേക് രാമസ്വാമിക്ക് 3,805 വോട്ട് ലഭിച്ചു.
സിവിലും ക്രിമിനലുമായി 4 കേസുകളിൽ വിചാരണ നേരിടുന്ന 77 കാരനായ ട്രംപ് ഈ വിജയത്തോടെ മികച്ച ആത്മവിശ്വാസത്തിലാണ്. വിവിധ കോടതികളിലായി 91 കുറ്റങ്ങളാണ് ട്രംപിനെതിരെ നിലനിൽക്കുന്നത്. അതെല്ലാം ട്രംപ് തൻ്റെ പ്രചാരണ ആയുധമാക്കുന്നു എന്നു വേണം കരുതാൻ. കോടതികളും ജഡ്ജിമാരും തന്നെ നിരന്തരം പീഡിപ്പിക്കുന്നു എന്നാണ് ട്രംപിൻ്റെ വാദം. സോഷ്യൽ മീഡിയ വഴി അദ്ദേഹം പടച്ചുവിടുന്ന പോസ്റ്റുകൾ മൂലം ഗാഗ് ഓഡർ ട്രംപിന് എതിരായി പല കോടതികളിലും നിലനിൽക്കുന്നുണ്ട്. ക്യാപിറ്റോൾ കലാപക്കേസിൽ കൊളറാഡോ, മെയ്ൻ കോടതികൾ ട്രംപിനെ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്. അതിനെതിരെ അപ്പീലുമായി ട്രംപ് ഉന്നത കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതൊന്നും അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തെ തകർക്കുന്നില്ല എന്നതിന്റെ തെളിവാണ് അയോവയിൽ കണ്ടത്. തുടക്കം നന്നായാൽ പാതി നന്നായി എന്ന തത്വം വച്ചാണെങ്കിൽ ട്രംപ് തന്നെയായിരിക്കും റിപ്പബ്ളിക്കൻ സ്ഥാനാർഥി എന്നു തന്നെ ഉറപ്പിക്കാം. മാത്രമല്ല ഈ ട്രംപ് മാജിക് ഡെമോക്രാറ്റുകളേയും ഭയപ്പെടുത്തുന്നുണ്ട്.
കൂടാതെ ഈയിടെ പുറത്തുവന്ന ജെഫ്രി എപ്സ്റ്റൈൻ ലിസ്റ്റ് എന്ന് അറിയപ്പെട്ട വിവാദ രേഖകളിൽ പലയിടത്തും ട്രംപിന്റെ പേരുണ്ട്. ഇതെല്ലാം അദ്ദേഹത്തിന്റെ ജനപ്രീതി കൂട്ടുകയാണ് ചെയ്തത്. അമേരിക്കൻ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് ട്രംപാണ്. ഇത്ര നല്ല ഒരു പൊളിറ്റിക്കൽ ഷോ നടത്താൻ ഇപ്പോൾ അമേരിക്കയിൽ ആർക്കും കഴിയുമെന്ന് തോന്നുന്നില്ല.
ജോർജ് വാഷിങ്ടൺ, ഏബ്രഹാം ലിങ്കൻ. റൂസ് വെൽറ്റ്, കെന്നഡി തുടങ്ങിയ അമേരിക്കൻ പ്രസിഡൻ്റുമാർ ലോക ചരിത്രത്തിൽ ഇടം നേടുന്നത് അവരുടെ വിഖ്യാതമായ പ്രസംഗങ്ങൾകൊണ്ടായിരുന്നു. ലോകത്തിനു മുഴുവൻ പാഠപുസ്തകമായിരുന്നു ലിങ്കൻ്റെ ഗെറ്റിസ് ബർഗ് പ്രസംഗം. മഹാരഥന്മാരായ ആ നേതാക്കളിൽ നിന്ന് ട്രംപ് എന്ന നേതാവിലേക്ക് എത്തുമ്പോൾ കാര്യങ്ങൾ തീർത്തും വ്യത്യസ്തമാണ്. തീവ്ര ദേശീയതയും സോഷ്യൽ മീഡിയയും സമാസമം ചേർത്തുവച്ചാണ് ട്രംപ് തൻ്റെ വിജയം ഉറപ്പിക്കുന്നത്.
കടുത്ത ശൈത്യത്തെ അവഗണിച്ച് അയോവയിലുടനീളമുള്ള റിപ്പബ്ലിക്കൻ പ്രൈമറി കോക്കസ് മീറ്റിംഗുകളിൽ പങ്കെടുക്കാൻ നൂറുകണക്കിന് ട്രംപ് അനുകൂലികൾ ആണെത്തിയത്. നേരത്തെയുള്ള മാർജിനുകളിൽ മികച്ച ലീഡ് നേടിയതിനെ തുടർന്ന് ട്രംപിനെ ഉടൻതന്നെ അയോവയിൽ വിജയിയായി പ്രഖ്യാപിച്ചു. അയോവ വോട്ടർമാരെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങൾക്കായി ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും 44,000 ഡോളർ ആയിരുന്നു ട്രംപ് ചെലവഴിച്ചത്. അയോവ കൃത്യമായ ഒരു സൂചനയും ആർക്കും നൽകുന്നില്ല എന്നതാണ് ചരിത്രം. അയോവയിൽ ജയിച്ച പലരും പിന്നീട് പരാജയപ്പെടുകയും അയോവയിൽ തോറ്റപലരും പ്രസിഡൻ്റാവുകയും ചെയ്തിട്ടുണ്ട്. എന്നാൽ ട്രംപിനോളം ജനപ്രീതിയുള്ള റിപ്പബ്ളിക്കൻ സ്ഥാനാർഥി ഇതുവരെ ഇല്ല.
What does the result of Iowa Caucus tell about US Presidential election















