
ന്യൂയോർക്ക്: റിപ്പബ്ലിക്കൻ പാർട്ടിയുടെ ഇത്തവണത്തെ പ്രസിഡന്‍റ് സ്ഥാനാർഥിയും മുൻ പ്രസിഡന്‍റുമായ ഡോണൾഡ് ട്രംപും ടെസ്ല സി ഇ ഒയും എക്സ് ഉടമയുമായ ഇലോൺ മസ്കുമായുള്ള അഭിമുഖം ഇതിനകം വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. എക്സിലെ തത്സമയ ശബ്ദ സംപ്രേക്ഷണത്തിനായുള്ള സ്പേസസ് എന്ന പ്ലാറ്റ്ഫോമിലായിരുന്നു അഭിമുഖം. വലിയ സാങ്കേതിക പ്രശ്നമുണ്ടായതിനെ തുടർന്ന് ട്രംപ് – മസ്ക് അഭിമുഖം എല്ലാവർക്കും കേൾക്കാൻ കഴിഞ്ഞില്ല. വളരെ കുറച്ചുപേർക്ക് മാത്രമാണ് അഭിമുഖം കേൾക്കാൻ സാധിച്ചത്. അമേരിക്കൻ സമയം രാത്രി എട്ടുമണിക്ക് ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന അഭിമുഖം സാങ്കേതിക പിഴവുകൾ മൂലം 42 മിനിറ്റോളം വൈകിയാണ് തുടങ്ങിയത് തന്നെ. അഭിമുഖത്തിനിടെ നേരിട്ട സാങ്കേതിക തടസ്സങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണമാവുമായി മസ്ക് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. അഭിമുഖം തടയാൻ ഡി ഡി ഒ എസ് ആക്രമണം (ഡിസ്ട്രിബ്യൂട്ടഡ് ഡിനൈല്‍ ഓഫ് സര്‍വീസ്) ഉണ്ടായെന്നാണ് മസ്കിന്‍റെ ആരോപണം.
എന്താണ് ഡി ഡി ഒ എസ് ആക്രമണം
ഒരു തരം സൈബര്‍ ആക്രമണമാണ് ഡിസ്ട്രിബ്യൂട്ടഡ് ഡിനൈല്‍ ഓഫ് സര്‍വീസ് (ഡി ഡി ഒ എസ്). വെബ്‌സൈറ്റ്, ഓണ്‍ലൈന്‍ സേവനം, അല്ലെങ്കില്‍ നെറ്റ് വര്‍ക്ക് തുടങ്ങിയവ അതിന്റെ പ്രഖ്യാപിത ഉപയോക്താക്കള്‍ക്ക് ലഭ്യമല്ലാതാക്കുകയാണ് ഇത്തരം ആക്രമണങ്ങളുടെ ലക്ഷ്യം. വന്‍തോതിലുള്ള ട്രാഫിക്ക് വ്യാജമായി സൃഷ്ടിച്ചുകൊണ്ട് സോഷ്യൽ മീഡിയ ഉപയോഗത്തെ തടസ്സപ്പെടുത്താനും വേഗത കുറയ്ക്കാനും പ്രതികരണമില്ലാതാക്കാനും അല്ലെങ്കില്‍ പൂര്‍ണമായി ലഭ്യമല്ലാതാക്കുകയാണ് ഇത്തരം ആക്രമണങ്ങളിലൂടെ ചെയ്യുന്നത്.
ഡി ഡി ഒ എസ് എന്താണെന്ന് മനസ്സിലാക്കാന്‍, പരിമിത സീറ്റിംഗ് ശേഷിയുള്ള റസ്റ്റോറന്റ് സങ്കല്‍പ്പിക്കുക. നല്ല നിലയിൽ മുന്നോട്ട് പോകവെ ഒരു കൂട്ടം ആളുകള്‍ ഈ റസ്റ്റോറന്‍റിന് കൈകാര്യം ചെയ്യാന്‍ കഴിയാത്ത വിധം തള്ളിക്കയറിയാൽ എന്താകും സ്ഥിതി. പൊടുന്നനെ റസ്റ്റോറന്റില്‍ വന്‍ തിരക്ക് അനുഭവപ്പെടും. സീറ്റുകള്‍ കണ്ടെത്താനോ ഓര്‍ഡറുകള്‍ നല്‍കാനോ ആർക്കും സാധിക്കാത്ത അവസ്ഥയാകും സംജാതമാകുക. ഇതേ തത്വമാണ് ഡി ഡി ഒ എസ് ആക്രമണങ്ങള്‍ക്കും പ്രയോഗിക്കുന്നത്. പക്ഷേ, ഡിജിറ്റല്‍ ലോകത്ത് ആണെന്ന് മാത്രം.
ഡി ഡി ഒ എസ് ആക്രമണത്തില്‍, ലക്ഷ്യത്തിലേക്ക് പരിഭ്രാന്തി പരത്തുന്ന വന്‍തോതിലുള്ള ട്രാഫിക് അയയ്ക്കുന്നതിന് ബോട്ട്‌നെറ്റ് എന്ന് വിളിക്കുന്ന വഴങ്ങിയ കമ്പ്യൂട്ടറുകളുടെയോ ഡിവൈസുകളുടെയോ ശൃംഖലയാണ് അക്രമികള്‍ ഉപയോഗിക്കുക. ഈ വഴങ്ങിയ ഡിവൈസുകള്‍ സാധാരണ കമ്പ്യൂട്ടറുകള്‍, സെര്‍വറുകള്‍, അല്ലെങ്കില്‍ സ്മാര്‍ട്ട് ഫ്രിഡ്ജുകള്‍ അല്ലെങ്കില്‍ ക്യാമറകള്‍ പോലുള്ള ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐഒറ്റി) പോലുമാകാം. അക്രമികള്‍ ഉടമകളുടെ അറിവില്ലാതെ ഈ ഉപകരണങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുകയും ലക്ഷ്യത്തിലേക്ക് അപകടകരമായ ട്രാഫിക് അയയ്ക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്യുന്നു. ഇന്റര്‍നെറ്റ് ബാന്‍ഡ് വിഡ്ത്ത്, സെര്‍വര്‍ പ്രൊസസ്സിംഗ് പവര്‍, അല്ലെങ്കില്‍ മെമ്മറി പോലുള്ള ലക്ഷ്യത്തിന്റെ സ്രോതസ്സുകള്‍ ശൂന്യമാക്കുകയാണ് ഡി ഡി ഒ എസ് ആക്രമണത്തിന്റെ ഉദ്ദേശ്യം. അങ്ങനെ, നിയമാനുസൃത ഉപയോക്താവിന്റെ അഭ്യര്‍ഥനകള്‍ അതിന് കൈകാര്യം ചെയ്യാനാകാതെ വരുന്നു.