PMLA നിയമം: കെജ്രിവാള്‍ അകപ്പെട്ട ഗുണ കേവ്; മോദിയുടെ മൂർച്ചയുള്ള ആയുധം

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റിന്റെ കസ്റ്റഡിയിലാണ്. ദില്ലിയിലെ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് 2002ല്‍ കൊണ്ടുവന്ന പ്രിവെന്‍ഷന്‍ ഓഫ് മണി ലോൻഡറിങ്ങ് ആക്ട് ( PMLA) പ്രകാരമാണ് കെജ്രിവാള്‍ അറസ്റ്റിലായിരിക്കുന്നത്.

ഇനി എന്ന് കെജ്രിവാള്‍ പുറത്തിറങ്ങും? പിഎംഎല്‍എ നിയമം പരിശോധിച്ചാല്‍ അത് അത്ര എളുപ്പമല്ല എന്നു മനസ്സിലാകും. 2022 മെയ് മാസത്തില്‍ അറസ്റ്റിലായ ആംആദ്മി പാർടി നേതാവും ഡൽഹി ആരോഗ്യ മന്ത്രിയുമായിരുന്ന സത്യേന്ദ്ര ജയിന്‍ ഇപ്പോഴും ജയിലിലാണ്. കെജ്രിവാളിന്റെ വലംകൈയ്യായ ദില്ലി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ 2023 ഫെബ്രുവരിയില്‍ അറസ്റ്റിലായതാണ്. ഒരുവര്‍ഷമായി ജയിലില്‍. സുപ്രീംകോടതിയും ജാമ്യം നിഷേധിച്ചു. പിന്നാലെ ആംആദ്മി പാര്‍ടി നേതാവും എം.പിയുമായ സഞ്ജയ് സിംഗ്. ഇപ്പോള്‍ അരവിന്ദ് കെജ്രിവാള്‍. മറ്റ് പാര്‍ടികളെ നേതാക്കളുടെ കണക്കെടുത്താല്‍ മുന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ ഉള്‍പ്പടെ നിരവധി പേര്‍.

എന്താണ് പിഎംഎല്‍എ നിയമം ?

2002ല്‍ വാജ്പേയി സര്‍ക്കാരിന്റെ കാലത്താണ് പിഎംഎല്‍എ നിയമം കൊണ്ടുവരുന്നത്. 2012ല്‍ അന്നത്തെ യു.പി.എ സര്‍ക്കാര്‍ വലിയ അഴിമതി ആരോപണം നേരിട്ട കാലത്ത് ജനങ്ങളുടെ കണ്ണില്‍പൊടിയിടാൻ ഈ നിയമത്തിന്റെ സാധുതകള്‍ വിപുലപ്പെടുത്തി. പക്ഷേ, നിയമം ശക്തമായി നടപ്പാക്കി തുടങ്ങിയത് നരേന്ദ്ര മോദി അധികാരത്തില്‍ എത്തിയ ശേഷമായിരുന്നു. ഈ നിയമം പ്രതിപക്ഷ പാര്‍ടികള്‍ക്കെതിരെ ഉപയോഗിക്കാനുള്ള നല്ലൊരു ആയുധമാണെന്ന് മോദി സര്‍ക്കാരിന് വ്യക്തമായി അറിയാമായിരുന്നു.

2018ല്‍ നിയമത്തിലെ 45-ാം വകുപ്പില്‍ കൊണ്ടുവന്ന മാറ്റത്തോടെ നിയമം അക്ഷരാര്‍ത്ഥത്തില്‍ ഒരു ഗുണകേവ് പോലെയായി. ഉള്ളില്‍ വീണാല്‍ പുറത്തുകടക്കുക അത്ര എളുപ്പമല്ല. അരവിന്ദ് കെജ്രിവാള്‍ മറ്റ് പല നേതാക്കളെയും പോലെ ഇപ്പോള്‍ ഈ നിയമത്തില്‍ കുരുങ്ങിയിരിക്കുകയാണ്. ജാമ്യം കിട്ടണമെങ്കില്‍ തനിക്കെതിരെ തെളിവില്ലെന്ന് അരവിന്ദ് കെജ്രിവാള്‍ കോടതിയെ ബോധ്യപ്പെടുത്തണം. അരവിന്ദ് കെജ്രിവാളിനെതിരെ തെളിവില്ലെന്ന് ബോധ്യപ്പെട്ടാലും അരവിന്ദ് കെജ്രിവാള്‍ തെളിവ് നശിപ്പിക്കില്ലെന്ന് കോടതിക്ക് ബോധ്യപ്പെടണം. മൂന്നാമത്തെ സാധ്യത ഗുരുതരമായ ആരോഗ്യ പ്രശ്നം കണക്കിലെടുത്ത് കിട്ടുന്ന ഇളവാണ്. ഇതിനൊക്കെ ഇ.ഡിയുടെ അനുമതി വേണം. കെജ്രിവാള്‍ ഇനി എത്രകാലം ജയിലില്‍ കിടക്കണമെന്ന് കേന്ദ്ര സര്‍ക്കാരും ഇ.ഡിയും തീരുമാനിക്കും.

ഏറ്റവും പുതിയ കണക്ക് പ്രകാരം 2002ന് ശേഷം ഇതുവരെ 4700 ലധികം കേസുകളാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് പിഎംഎല്‍എ നിയമം വച്ച് രജിസ്റ്റര്‍ ചെയ്തത്. അതിൽ അറസ്റ്റിലായവര്‍ 313 പേരെയുള്ളു. ഇനി ഇത്രയും കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ട് എത്ര പേരെ ശിക്ഷിച്ചു എന്ന് ചോദിച്ചാല്‍ 22 വര്‍ഷത്തില്‍ ആകെ 23 പേരെ മാത്രം. എന്നുവെച്ചാല്‍ ഇത്തരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യും. ആളുകളെ അറസ്റ്റ് ചെയ്യും. അവര്‍ ജയില്‍ കിടക്കും. വിചാരണയും ശിക്ഷവിധിക്കലുമൊന്നും അടുത്ത കാലത്തൊന്നും ഉണ്ടാകില്ല. നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷമാണ് പിഎംഎല്‍എ നിയമപ്രകാരം ഏറ്റവും അധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. അതില്‍ ഭൂരിഭാഗവും പ്രതിപക്ഷ പാര്‍ടികളിലെ നേതാക്കള്‍ക്കെതിരെ. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് നിയമപരമായി തെളിയിക്കുക അത്ര എളുപ്പമല്ല. അതുകൊണ്ട് തന്നെ കെജ്രിവാളിന്റെ കസ്റ്റഡിവാസവും ജയില്‍ വാസവും നീണ്ടുപോകാന്‍ തന്നെയാണ് സാധ്യത. അത്രയും കാലം ജയിലില്‍ ഇരുന്ന് മുഖ്യമന്ത്രിയായി തുടരാന്‍ കെജ്രിവാളിന് സാധിക്കുമോ എന്നതു കാത്തിരുന്ന് കാണണം.

What is PMLA Act How it will Impact on Kejriwal

More Stories from this section

family-dental
witywide