‘അൻവറിന്റെ പാർക്കിന് കൃത്യമായ പരിശോധനക്ക് ശേഷം ലൈസൻസ് നൽകിയാൽ പോരേ?’: ഹൈക്കോടതി

കൊച്ചി: പി.വി. അൻവർ എംഎൽഎയുടെ കക്കാടംപൊയിലിലെ പി.വി.ആർ നേച്വർ പാർക്കിന് പഞ്ചായത്ത് പ്രവർത്തനാനുമതി നൽകിയതിൽ വിശദീകരണം തേടി ഹൈക്കോടതി. എന്തിനാണ് ഇത്ര ധൃതിയിൽ ലൈസൻസ് നൽകിയതെന്നും കൃത്യമായ പരിശോധന നടത്തിയശേഷം നല്‍കിയാല്‍ പോരേയെന്നും കോടതി ചോദിച്ചു. പഞ്ചായത്ത് നൽകിയ ലൈസൻസിന്‍റെ സ്വഭാവമെന്താണെന്നും പാര്‍ക്കിലെ പ്രവര്‍ത്തനം എന്തെന്ന് വ്യക്തമാക്കണമെന്നും കോടതി നിർദേശിച്ചു. കൂടരഞ്ഞി പഞ്ചായത്തും പി.വി. അന്‍വറും സത്യവാങ്മൂലം നല്‍കണം. ലൈസൻസ് നൽകിയെങ്കിലും റൈഡുകളും പൂളുകളും ഉപയോഗിക്കാന്‍ അനുമതിയില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

പാർക്ക്​ അധികൃതരുടെ അപേക്ഷയെത്തുടർന്ന്​ കൂടരഞ്ഞി പഞ്ചായത്ത്​ കഴിഞ്ഞ ദിവസം പാർക്കിന്‍റെ ലൈസൻസ്​ പുതുക്കി നൽകിയിരുന്നു. ഫീസ് ഇനത്തിൽ കുടിശ്ശികയായ ഏഴുലക്ഷം രൂപ ഈടാക്കിയാണ് ലൈസൻസ് നൽകിയത്. ഇതിനുപുറമെ പാർക്കിന്‍റെ പേരിലുള്ള റവന്യൂ റിക്കവറി കുടിശ്ശികയായ 2.5 ലക്ഷം രൂപ വില്ലേജ് ഓഫിസിലും അടച്ചു. വെള്ളവും വൈദ്യുതിസംവിധാനങ്ങളും ഇല്ലാതെ പ്രവർത്തിക്കുന്ന ചിൽഡ്രൻസ് ഗാർഡനും റൈഡറും ഉൾപ്പെടുന്ന പാർക്കിന് മാത്രമേ അനുമതി നൽകിയിട്ടുള്ളൂവെന്ന് പഞ്ചായത്ത് കോടതിയെ അറിയിച്ചു.

ഉരുൾപൊട്ടൽ ഉണ്ടായതിനെ തുടർന്ന് അടച്ചുപൂട്ടിയ പി.വി.ആർ നേച്വർ പാർക്ക് പഠനം നടത്താതെ തുറക്കാനുള്ള ഉത്തരവ് റദ്ദാക്കണമെന്നും അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കണമെന്നും ആവശ്യപ്പെട്ട് കേരള നദീ സംരക്ഷണ സമിതി മുൻ ജനറൽ സെക്രട്ടറി ടി.വി. രാജൻ നൽകിയ ഹർജിയിലാണ്​ ഇക്കാര്യം അറിയിച്ചത്​.

More Stories from this section

family-dental
witywide