
നവംബറിൽ നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇക്കഴിഞ്ഞ വ്യാഴാഴ്ച സിഎൻഎൻ ആതിഥേയത്വം വഹിച്ച സംവാദം ഉയർത്തിയ അലയൊലികൾ അടങ്ങിയിട്ടില്ല. 81കാരനായ ബൈഡന്റെ ദുർബലമായ പ്രകടനം വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. മത്സരംഗത്തു നിന്ന് പിന്മാറാൻ ബൈഡനുമേൽ സമ്മർദ്ദമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്തരം സമ്മർദ്ദങ്ങൾക്ക് ആക്കം കൂട്ടുന്ന തരത്തിൽ 2024 ഓഗസ്റ്റ് 5-ലെ ടൈം മാഗസിൻ്റെ കവറും പുറത്തുവന്നു. ഈ സാഹചര്യത്തിൽ ബൈഡൻ പിന്മാറുമോ? പിന്മാറിയാൻ പിന്നെ എന്തു സംഭവിക്കും? ആരെല്ലാമായിരിക്കും ബൈഡന് പകരക്കാർ? തുടങ്ങി നിരവധി ചോദ്യങ്ങളും ചർച്ചകളും ബാക്കിയാണ്.
ബൈഡനല്ലെങ്കിൽ മറ്റാര്?
2024 നവംബറിൽ നടക്കാനിരിക്കുന്ന യുഎസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ നിന്ന് ജോ ബൈഡൻ തൻ്റെ പേര് പിൻവലിച്ചാൽ, 50 സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ചേർന്നു വേണം പകരക്കാരനെ അല്ലെങ്കിൽ പകരക്കാരിയെ കണ്ടെത്താൻ. സ്വാഭാവികമായും വോട്ടിങ്ങിന്റെ അടിസ്ഥാനത്തിലായിരിക്കും ബൈഡന് പകരം ഒരു സ്ഥാനാർത്ഥിയെ നിശ്ചയിക്കുക.
വൈസ് പ്രസിഡൻ്റ് കമല ഹാരിസ്, കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോം, മിഷിഗൺ ഗവർണർ ഗ്രെച്ചൻ വിറ്റ്മർ, പെൻസിൽവാനിയ ഗവർണർ ജോഷ് ഷാപിറോ എന്നിവരാണ് നിലവിൽ പാർട്ടിയെ പ്രതിനിധീകരിക്കുന്ന പേരുകളിൽ ഉൾപ്പെടുന്നവർ. അതേസമയം, ജോ ബൈഡന് പകരം മുൻ പ്രഥമ വനിത മിഷേൽ ഒബാമ എത്തുമെന്ന് യുഎസ് സെനറ്റർ ടെഡ് ക്രൂസ് (ആർ-ടെക്സസ്) പ്രവചിച്ചു.
മിഷേൽ ഒബാമ എത്തുമോ?
തൻ്റെ പോഡ്‌കാസ്റ്റിൽ സംസാരിക്കവെയാണ് ടെഡ് ക്രൂസ് ഇക്കാര്യം പറഞ്ഞത്. “ഡെമോക്രാറ്റിക് പാർട്ടി ജോ ബൈഡനെ മത്സരത്തിൽ നിന്ന് ഒഴിവാക്കി പകരം മിഷേൽ ഒബാമയെ നിയമിക്കുന്നതിനുള്ള സാധ്യത 80% ആണ്. കാരണം ഇന്ന് രാത്രി ബൈഡൻ വളരെ മോശം പ്രകടനം കാഴ്ചവച്ചതിനാൽ രാജ്യത്തുടനീളമുള്ള ഡെമോക്രാറ്റുകൾ തീർത്തും പരിഭ്രാന്തിയിലാണ്.”
1968-ൽ, പ്രസിഡൻ്റ് ലിൻഡൺ ജോൺസൺ മത്സര രംഗത്തു നിന്ന് പിന്മാറാൻ തീരുമാനിച്ച ഉദാഹരണം ലോകത്തിനു മുമ്പിൾ ഉണ്ട്. വിയറ്റ്നാം യുദ്ധത്തിൻ്റെ മധ്യത്തിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.
ആത്മവിശ്വാസത്തോടെ ബൈഡൻ
അതേസമയം, നവംബറിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെ പരാജയപ്പെടുത്തുമെന്ന് പ്രസിഡൻ്റ് ജോ ബൈഡൻ ആവർത്തിക്കുകയാണ്.
ഒരു റാലിയിൽ സംസാരിച്ച അദ്ദേഹം പറഞ്ഞു, “എനിക്കറിയാം ഞാനൊരു ചെറുപ്പക്കാരനല്ലെന്ന്. പണ്ടു നടന്നിരുന്നതു പോലെ എളുപ്പത്തിലും വേഗത്തിലും നടക്കാനോ, സുഗമമായി സംസാരിക്കാനോ ഇന്നെനിക്ക് കഴിയില്ല. പഴയതു പോലെ സംവാദത്തിൽ ഏർപ്പാനും ഇന്നെനിക്ക് സാധിക്കില്ല. എന്നാൽ ഈ ജോലി എനിക്ക് ചെയ്യാൻ കഴിയുമെന്ന് ഞാൻ പൂർണ്ണഹൃദയത്തോടെ വിശ്വസിക്കുന്നുണ്ട്. അങ്ങനെ അല്ലായിരുന്നെങ്കിൽ ഇക്കുറി മത്സരിക്കാൻ ഞാൻ ഇറങ്ങില്ലായിരുന്നു,” ഡൊണാൾ ട്രംപുമായി ചൂടേറിയ ചർച്ചയിൽ ഏറ്റുമുട്ടിയതിന് തൊട്ടുപിന്നാലെയാണ് ബൈഡന്റെ പ്രസ്താവന.
ബൈഡന്റെ വാക്കുകൾ ഡെമോക്രാറ്റുകൾ വിശ്വസിക്കുമോ, അതോ അദ്ദേഹം മത്സരത്തിൽ നിന്നു പിന്മാറുമോ എന്ന് വരും ദിവസങ്ങളിൽ അറിയാം.