
ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും ശക്തയായ വനിതകളിൽ ഒരാളായ പ്രിയങ്ക ഗാന്ധി തൻ്റെ കന്നി മൽസരത്തിനായി വയനാട് ചുരം കയറുമ്പോൾ അത് ഇന്ത്യൻ രാഷ്ട്രീയ ഭൂപടത്തിൽ എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാക്കുക? അത് കേരളത്തിലെ രാഷ്ട്രീയത്തിന്റെ ഭാവിയെ എങ്ങനെയൊക്കെ പുനർനിർവചിക്കും?
പ്രിയങ്ക വരുന്നതോടെ റായ്ബറേലിയെന്നപോലെ വയനാടും ഗാന്ധികുടുംബത്തിന്റെ തട്ടകമാവുകയാണ്. 2019 ൽ ഒരു രാഷ്ട്രീയ അഭയാർഥിയെ പോലെ വന്ന രാഹുൽഗന്ധിയെ കൈപിച്ചു കയറ്റിയ വയനാട്.., അദ്ദേഹത്തിന്റെ രാഷ്ട്രീയ പോരാട്ടങ്ങൾക്കെല്ലാം ഒപ്പം നിന്ന വയനാട്..,കോൺഗ്രസിൻ്റെ നഷ്ടപ്പെട്ട മേൽവിലാസം രാഹുൽഗാന്ധി തിരികെ പിടിക്കുമ്പോൾ അദ്ദേഹത്തിൻ്റെ ഒപ്പം നിന്നത് വയനാടായിരുന്നു. രാഷ്ട്രീയ തിരക്കുകളിൽപെട്ട് വയനാട്ടിലേക്ക് വളരെ കുറച്ചു മാത്രമേ രാഹുൽ വന്നിട്ടുള്ളു. എന്നിട്ടും ഒപ്പം ചേർത്തു നിർത്തിയ മണ്ഡലത്തോട് അദ്ദേഹത്തിനുള്ള സ്നേഹത്തിന്റെ വൈകാരിക സ്ഫുരണമാണ് പ്രിയങ്കയുടെ സ്ഥാനാർഥിത്വം. തീർച്ചയായും വയനാട്ടുകാർക്ക് സന്തോഷമായിരിക്കും. പക്ഷേ കോൺഗ്രസ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ് ?
കോൺഗ്രസ് തന്ത്രമോ?
ആകസിമികമല്ല പ്രിയങ്ക ഗാന്ധിയുടെ വയനാട് സ്ഥാനാർഥിത്വം. ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ ഏറ്റവും സുപ്രധാന നേതാവായ രാഹുൽ ഗാന്ധി ഹിന്ദി ഹൃദയഭൂമിയിൽ കാലുറപ്പിക്കേണ്ടതുണ്ടെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് കരുതുന്നു. ഒപ്പം രാജസ്ഥാനിൽ നിന്ന് രാജ്യസഭ അംഗമായി സോണിയ ഗാന്ധിയും ഉണ്ട്. അപ്പോൾ ഗാന്ധി കുടുംബത്തിലെ മറ്റൊരാൾ തെക്കേ ഇന്ത്യയിൽ നിന്നാവട്ടെ എന്ന് കോൺഗ്രസ് കണക്കുകൂട്ടിയിരിക്കാം. ബിജെപി നോട്ടമിട്ടിരിക്കുന്നത് തെന്നിന്ത്യയാണ്. വരും കാലത്തും ബിജെപിയുടെ തെന്നിന്ത്യ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ തുടരും. കേരളം പിടിക്കാനിറങ്ങുന്ന ബിജെപിക്കുള്ള ശക്തയായ എതിരാളി തന്നെയായിരിക്കും പ്രിയങ്ക ഗാന്ധി എന്നതിൽ തർക്കമൊന്നുമില്ല. കല്യാണത്തിനും ഉൽസവത്തിനുമൊക്കെ തെന്നിന്ത്യയിൽ വരികയും കന്യാകുമാരിയിൽ 48 മണിക്കൂർ ധ്യാനിക്കുകയും ചെയ്ത് തെക്കേയിന്ത്യയിൽ തമ്പടിച്ചിരുന്ന ബിജെപിക്ക് പ്രിയങ്ക വയനാട്ടിലേക്ക് ഒളിച്ചോടി എന്നൊരു ആരോപണം ഉന്നയിക്കാൻ പറ്റില്ല.
തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ ജയം അതിഗൗരവത്തോടെയാണ് കോൺഗ്രസ് നേതൃത്വം കാണുന്നത്. ഹിന്ദു-ക്രിസ്ത്യൻ കൂട്ടുകെട്ടിലൂടെ കേരളത്തിലുടനീളം തൃശ്ശൂർ ആവർത്തിക്കാനുള്ള ബിജെപി തന്ത്രത്തെ തടയിടാനാണ് ഇന്ത്യയിലെ തന്നെ ഏറ്റവും താരപരിവേഷമുള്ള രാഷ്ട്രീയ നേതാവിനെ കളത്തിലിറക്കുന്നത്. രാഹുലിനെ പോലെ പ്രിയങ്ക മണ്ഡലം വിട്ട് പോകാൻ സാധ്യതയില്ല. ഏതാണ്ട് മുഴുവൻ സമയ എംപിയായി കേരളത്തിൽ തുടരാനാണ് സാധ്യത. അത് അടുത്ത വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലും കോൺഗ്രസ്സിന് നേട്ടമുണ്ടാക്കും, അത് കേരളത്തിലെ കോൺഗ്രസ് അധികാര സമവാക്യങ്ങളിൽ മാറ്റമുണ്ടാക്കും. ഇത്രനാളും കേരളത്തിലെ ഹൈക്കമാൻഡ് എന്ന് അറിയപ്പെട്ടിരുന്നത് ചില നേതാക്കന്മാരായിരുന്നു. ഇനി ഹൈക്കമൻഡു തന്നെ കേരളത്തിലേക്ക് വന്ന സ്ഥിതിക്ക് അതിനൊരു മാറ്റം വരും.
മൂന്നാംവട്ടവും തുടർച്ചയായി കേരളത്തിൽ അധികാരം നിലനിർത്താനുള്ള സി.പി.എം. അജൻഡയ്ക്കുള്ള വലിയൊരു വെല്ലുവിളികൂടിയാണ് പ്രിയങ്കയുടെ രംഗപ്രവേശം. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ മുഖ്യമന്ത്രി സ്ഥാനാർഥിയെയടക്കം തീരുമാനിക്കുന്നതിൽ പ്രിയങ്ക ഗാന്ധിക്കു വലിയ പങ്കുണ്ടായിരിക്കും. കേരളത്തിൽ ഗ്രൂപ്പിനുള്ളിൽ ഗ്രൂപ്പ് കളിക്കുന്ന പരിപാടിക്കും പ്രിയങ്കയുടെ വരവ് തടയിടാൻ സാധ്യതയുണ്ട്. അതായത് കേരളത്തിലെ കോൺഗ്രസിൻ്റെ ദൈനദിന കാര്യങ്ങളിൽ ഇടപെടുന്ന ഒരു നേതാവായി പ്രിയങ്കമാറിയാൽ കേരളത്തിലെ കോൺഗ്രസിൻ്റെ സമവാക്യങ്ങളിൽ മാറ്റം വരും എന്ന് ഏതാണ്ട് ഉറപ്പാണ്.
ലീഗിൻ്റെ പദവി
പ്രിയങ്കയുടെ വരവ് സ്വാധീനിക്കുക മുസ്ലിംലീഗിനെയാണ്. വയനാട് മണ്ഡലത്തിൽ ലീഗ് എത്ര പ്രധാനമാണ് എന്നത് ദേശീയ രാഷ്ട്രീയത്തിൽ പോലും ചർച്ചയായതാണ്. തീർച്ചയായും മുസിലിം ലീഗുമായി കോൺഗ്രസ് മര്യാദയോടുള്ള ബന്ധം നിലനിർത്തേണ്ടത് അനിവാര്യമായി വരും. ലീഗിനെ ആശ്രയിക്കേണ്ടതിനാൽ തന്നെ മുഖ്യധാരാ രാഷ്ട്രീയത്തിൽ ലീഗിൻ്റെ സ്വീകാര്യത കൂടും. ദേശീയ തലത്തിൽ ലീഗ് പോലുള്ള ന്യൂനപക്ഷ പാർട്ടികൾ നേരിടുന്ന ബിജെപിയുടെ എതിർപ്പിനും അവഗണനയ്ക്കും മറുപടി നൽകാൻ ഈ ബാന്ധവം ലീഗിനെ ശക്തിപ്പെടുത്തും. ഒപ്പം ലീഗ് കൊണ്ടു നടക്കുന്ന ജെൻഡർ പൊളിറ്റിക്സിൽ തീർച്ചയായും അവർക്ക് മാറ്റം വരുത്തേണ്ടി വരും. പ്രിയങ്കയെ പോലുള്ള ഒരു വനിതയുടെ പദവി അത്തരം കാര്യങ്ങളിൽ പുനർവിചിന്തനത്തിന് അവരെ പ്രേരിപ്പിച്ചേക്കും.
വാരാണസിയിൽ മോദിക്കെതിരെ പ്രിയങ്ക മൽസരിച്ചിരുന്നെങ്കിൽ അവർ വിജയിച്ചേനെ എന്ന് രാഹുൽ ഗാന്ധി പറയുകയുണ്ടായി. മൽസരിച്ച് അവർ തോറ്റെങ്കിൽ പോലും നേർക്കുമേർ ഏറ്റെമുട്ടിയിരുന്നെങ്കിൽ കുറച്ചു കൂടി ശരിയായ രാഷ്ട്രീയ തീരുമാനം ആകുമായിരുന്നു. എന്നാൽ അതുണ്ടായില്ല. അമേഠിയിൽ സ്മൃതിക്കെതിരെ മൽസരിക്കാൻ പ്രിയങ്ക തയാറായിന്നു എങ്കിലും പാർട്ടി സമ്മതിച്ചിരുന്നില്ല. മൽസരിച്ചിരുന്നു എങ്കിൽ അവരുടെ എൻട്രി കുറച്ചു കൂടി മാസാകുമായിരുന്നു. പക്ഷേ ഈ ആക്ഷേപങ്ങളെ ഒന്നും കോൺഗ്രസ് പരിഗണിക്കുന്നില്ല. മികച്ച വിജയം കൈവരിച്ച ഇന്ത്യാ മുന്നണിയുടെ 101ാമത്തെ എംപിയാകും പ്രിയങ്ക. ഒരേ കുടുംബത്തിലെ 3 പേർ എംപിയാകുന്നു എന്ന ചരിത്രവും ഇതോടെ കുറിക്കപ്പെടും. പക്ഷേ മോദിയെ പോലെ കോൺഗ്രസ് മറക്കുന്ന ഒരു സംഗതിയുണ്ട്. ജനങ്ങളാണ് വലുത് എന്ന കാര്യം. പ്രിയങ്ക വയനാട്ടിലേക്ക് വരുന്നത് വയനാട്ടിന് എന്തോ ലോട്ടറി അടിച്ചപോലെയാണ് കോൺഗ്രസ് വർത്തമാനങ്ങൾ . അത് ശരിയല്ല. ജനാധിപത്യത്തിൽ ജനങ്ങളാണ് രാജാവ്. രാഷ്ട്രീയ മര്യാദയുള്ള ഒരു ജനത്തിന്റെ പിന്തുണ കിട്ടുന്ന ജനപ്രതിനിധിയാണ് ഭാഗ്യവാൻ/ ഭാഗ്യവതി.