
തിരച്ചിലിന്റെ പന്ത്രണ്ടാം ദിനമായ ഇന്ന് അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം ഉഡുപ്പിയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ ഏറ്റെടുത്തിരുന്നു. ഈശ്വര്‍ മാല്‍പെയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് കുത്തൊഴുക്കിനെ അവഗണിച്ച് ഗംഗാവലി പുഴയില്‍ തിരച്ചില്‍ ആരംഭിച്ചത്. വലുതും ചെറുതുമായ ഒട്ടേറെ രക്ഷൗദൗത്യങ്ങള്‍ക്ക് നേതൃത്വം വഹിച്ച അനുഭവ പരിചയമുള്ള മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മാല്‍പെയുടെ വരവ് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.
അഞ്ചുതവണ വടം കെട്ടി നദിയിലേക്ക് ചാടിയെങ്കിലും ശക്തമായ അടിയൊഴുക്ക് ദൗത്യത്തിന് തടസം സൃഷ്ടിച്ചിരുന്നു. എന്നിട്ടും പിന്മാറാതെ തിരച്ചില്‍ തുടരുകയായിരുന്നു സംഘം.
അതേസമയം, മാല്‍പെ സംഘം നദിയിലിറങ്ങി കൃത്യമായ പരിശോധന നടത്തിയതായി കാര്‍വാര്‍ എം.എല്‍.എ. സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു. നാളെയും പരിശശോധന തുടരും. എന്നാല്‍, ഈശ്വര്‍ മാല്‍പെ ഞായറാഴ്ചയും ദൗത്യത്തിന്റെ ഭാഗമാകുമോ എന്നറിയാനായിട്ടില്ല.
നദിയുടെ ആഴങ്ങളില്‍ മുഴുവനും മണ്ണും ചെളിയുമാണ്. തകര്‍ന്ന മരങ്ങള്‍ പോലും നദിയുടെ അടിയിലുണ്ട്. അതിനകത്തേക്ക് പോയി തിരച്ചില്‍ നടത്തുന്നവര്‍ അതീവ ശ്രദ്ധ പാലിക്കേണ്ടതുണ്ട്. ജീവന്‍ പണയം വെച്ചുള്ള രക്ഷാപ്രവര്‍ത്തനമായി ദിനംതോറും മാറുകയാണിപ്പോള്‍. ട്രക്കിനു മുകളിലോ മനുഷ്യന് മുകളിലോ മണ്ണുംചെളിയും നിറഞ്ഞിരിക്കുകയാണെങ്കില്‍ ദൗത്യം ഏറെ ദുഷ്‌കരമാകും.