
ബാൾട്ടിമോറിൽ ഇപ്പോൾ നേരം പുലർന്നിരിക്കുകയാണ്. പാലം തകർന്ന് നദിയുടെ ആഴങ്ങളിലേക്ക് പോയവരെ കാത്തിരിക്കുകയാണ് പ്രിയപ്പെട്ടവരും നാട്ടുകാരും. പാതിരാവിൽ ആരും നിനച്ചിരിക്കാത്ത നേരത്തുണ്ടായ ഭയാനകവും അപൂർവവുമായ അപകടത്തിന്റെ ഞെട്ടലിലാണ് മേരിലാൻ്റ് .
അപകടത്തിൽ കാണാതായവരുടെ കുടുംബങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നതായി വൈറ്റ് ഹൗസ് പ്രസ്താവനയിൽ അറിയിച്ചു. “ഈ ഭയാനകമായഅപകടത്തിന്റെ ഫലമായി കാണാതായവരുടെ കുടുംബങ്ങൾക്കായി ഞങ്ങളുടെ ഹൃദയം കേഴുന്നു,” അതിൽ പറയുന്നു.
ബാൾട്ടിമോർ പാലം തകർന്നതിന് ശേഷമുള്ള സ്ഥിതിഗതികൾ വൈറ്റ് ഹൗസ് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും പ്രസ്താവന വ്യക്തമാക്കുന്നു.

പാലം തകർന്ന് നദിയിൽ വീണ് കാണാതായവർക്കായി യുഎസ് കോസ്റ്റ് ഗാർഡ് തിരച്ചിൽ നടത്തുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്യുന്നു. രണ്ടു പേരെ കിട്ടിയതായും ഒരാളുടെ നില ഗുരുതരമാണെന്നും രക്ഷാപ്രവർത്തകർ അറിയിച്ചു. എന്തെങ്കിലും അട്ടിമറികളോ ഭീകര ആക്രമണമോ സംശയിക്കുന്നില്ല എന്നാണ് പ്രാഥമികമായി പുറത്തു വരുന്ന വിവരം.
White House Statement on Baltimore Accident