
ജനീവ: കോവിഡ് മഹാമാരിയേക്കാൾ 20 ഇരട്ടി മാരകമായ പകർച്ചവ്യാധി സംബന്ധിച്ച് വീണ്ടും മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് ഗബ്രിയെസൂസ് അദാനോം. ഭാവിയില്‍ മാനവരാശിയെ ബാധിച്ചേക്കാവുന്ന ഡിസീസ് എക്‌സ് അടക്കമുള്ള മഹാമാരികളുടെ ഭീഷണിയെ നേരിടാൻ പാൻഡെമിക് ഉടമ്പടിയിൽ ഒപ്പുവെക്കാൻ ലോക രാജ്യങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തു.
ഈ ‘പൊതു ശത്രുവിനെ’ നേരിടാൻ മെയ് മാസത്തോടെ രാജ്യങ്ങൾ ഒരു മഹാമാരി ഉടമ്പടിക്ക് അന്തിമരൂപം നൽകണമെന്നും അതുവഴി ഇനിയൊരു പകര്‍ച്ചാവ്യാധി പൊട്ടിപ്പുറപ്പെടുന്നതിന് മുന്‍പ് തന്നെ നേരിടാന്‍ സജ്ജരായിരിക്കാന്‍ രാജ്യങ്ങള്‍ക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
എങ്ങനെ ചികിത്സിക്കുമെന്നറിയാത്ത, ലോകമാകെ പടരുന്ന പുതിയൊരു വൈറസ്/ബാക്ടീരിയ/ഫംഗസ് രോഗത്തിനാണ് ഡിസീസ് എക്സ് എന്ന് പേര് നൽകിയിരിക്കുന്നത്. എന്ന്, എവിടെ പൊട്ടിമുളക്കുമെന്നോ എന്തൊക്കെയാകും ലക്ഷണങ്ങളും ബുദ്ധിമുട്ടുകളും എന്നോ ധാരണയില്ല.
ഭാവിയിലെ ആഗോള മഹാമാരി എന്നാണ് ഡിസീസ് എക്സിനെ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. മനുഷ്യവംശത്തെ ഒന്നാകെ തുടച്ചു നീക്കുന്ന ഒരു അജ്ഞാത രോഗം എന്നാണ് ഡബ്ല്യുഎച്ച്ഒയുടെ നിര്‍വചനം. അതിനാല്‍ തന്നെ കൊവിഡ് 19 നേക്കാൾ 20 മടങ്ങ് മാരകമാകും ഡിസീസ് എക്സ് എന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നുണ്ട്. കോവിഡ് 19 നെ ഡിസീസ് എക്‌സിന്റെ പ്രാരംഭ ഉദാഹരണമായാണ് കണക്കാക്കുന്നത്.
പകർച്ചവ്യാധി ഫണ്ട് തുടങ്ങിയും തദ്ദേശീയമായി വാക്സിൻ ഉൽപാദിപ്പിക്കാൻ പിന്തുണ നൽകുന്ന ടെക്നോളജി ട്രാൻസ്ഫർ ഹബ് ദക്ഷിണാഫ്രിക്കയിൽ സ്ഥാപിച്ചും ലോകാരോഗ്യ സംഘടന മുന്നൊരുക്കം ആരംഭിച്ചിട്ടുണ്ട്. 2018ലാണ് ലോകാരോഗ്യസംഘടന ആദ്യമായി ഡിസീസ് എക്സ് എന്ന പദം ഉപയോഗിക്കുന്നത്. ഒരു വർഷത്തിനു പിന്നാലെ കോവിഡ് 19 എന്ന വൈറസ് ഉടലെടുക്കുകയും ലോകമെമ്പാടും വ്യാപിക്കുകയും ചെയ്തു. അന്നും ഡിസീസ് എക്സിനെക്കുറിച്ച് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയിരുന്നു.















