
ജേക്കബ് തോമസ്
അട്ടിമറിയില്‍ കുറഞ്ഞതൊന്നും ആലപ്പുഴയില്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ, മത്സരിക്കുന്നപോരാട്ടവേദിയില്‍ എതിരാളി എംപി എന്നനിലയില്‍ ആലപ്പുഴയില്‍ നിറഞ്ഞുനില്ക്കുന്ന എ.എം. ആരീഫാണ്. ദേശീയ തലത്തിൽ ബിജെപി തരംഗം സൃഷ്ടിക്കുമെന്ന് പ്രതീക്ഷക്കുന്ന തിരഞ്ഞെടുപ്പിൽ മുതിർന്ന നേതാവ് ശോഭാ സുരേന്ദ്രനാണ് ബിജെപിയുടെ കളത്തിൽ.
തീ പാറുന്ന മത്സരമാണ് ആലപ്പുഴയുടെ മണ്ണില്‍ നടക്കാന്‍ പോകുന്നത്. വീറും വാശിയും നിറഞ്ഞ പല മത്സരങ്ങളും കണ്ട മണ്ണാണ് ആലപ്പുഴ. പല അട്ടിമറികളും ആലപ്പുഴയില്‍ സംഭവിച്ചിട്ടുണ്ട്. രണ്ടുമുന്നണികള്‍ക്കും വളക്കൂറുള്ള മണ്ണുമാണ് ആലപ്പുഴ. അതുകൊണ്ടുതന്നെ പ്രവചനാതീതമായിരിക്കും മത്സരം.
2019ല്‍ എല്‍ഡിഎഫിന് ആലപ്പുഴമാത്രം
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 20 ല്‍ 19 സീറ്റും യുഡിഎഫ് നേടിയപ്പോള്‍ ഇടതുമുന്നണിയ്ക്ക് ആശ്വാസമായി നിന്നത് ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലം മാത്രമായിരുന്നു. അത് ഇക്കുറിയും നിലനിര്‍ത്തേണ്ടത് ഇടതുമുന്നണിയുടെ അഭിമാന പ്രശ്നമാണ്. അതിന് സിറ്റിംഗ് എം.പി ആരിഫിനെ അല്ലാതെ മറ്റ് ആരെയും അവര്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയായി കാണുന്നില്ല. യുഡിഎഫിന് ഒപ്പം പോയ കെ.ആര്‍ ഗൗരിയമ്മയെ തോല്‍പ്പിച്ച് അരൂര്‍ നിയമസഭാ മണ്ഡലം ഇടതുമുന്നണിയ്ക്കുവേണ്ടി പിടിച്ചെടുത്താണ് ആരിഫിന്റെ രംഗപ്രവേശം. പിന്നീട് അരുരിന്റെ ഐശ്വര്യമായി നിലകൊണ്ട ആരിഫിനെ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലം പിടിക്കാന്‍ ഇടതുമുന്നണി എല്‍പ്പിക്കുകയായിരുന്നു.
കോണ്‍ഗ്രസിലെ ഷാനിമോള്‍ ഉസ്മാനെ തോല്‍പ്പിച്ചാണ് അന്ന് ആരിഫ് ഈ ഒരു സീറ്റ് ഇടത് മുന്നണിയ്ക്ക് വേണ്ടി നിലനിര്‍ത്തിയത്.
ആരിഫിന് മുന്‍പ് അതുവരെ കോണ്‍ഗ്രസിലെ കെ.സി വേണുഗോപാല്‍ ആയിരുന്നു ആലപ്പുഴയിലെ എം.പി. ഇദ്ദേഹം കഴിഞ്ഞ തവണ മത്സരിക്കാതെ മാറി നിന്നപ്പോള്‍ വനിതാ നേതാവ് ആയ ഷാനിമോള്‍ ഉസ്മാന് യു.ഡി.എഫ് നറുക്ക് വീഴുകയായിരുന്നു. ഇക്കുറി എങ്ങനെയും തങ്ങളുടെ സീറ്റ് തിരിച്ചു പിടിക്കുമെന്ന വാശിയിലാണ് ആലപ്പുഴയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും. സ്ഥാനാര്‍ത്ഥി ഹൈക്കമാന്റിന്റെ വിശ്വസ്തന്‍ കെ.സി.വേണുഗോപാല്‍ തന്നെയാകുമ്പോള്‍ അവരുടെ ആവേശം ഒന്നുകൂടി വര്‍ദ്ധിക്കുമെന്ന് തീര്‍ച്ചയാണ്. ശോഭ സുരേന്ദൻ ആലപ്പുഴയിൽ എത്തിയതോടെ ഒരു ത്രികോണ മൽസരത്തിന് വഴിയൊരുങ്ങി എന്നു വേണം കരുതാൻ.
ഇരുമുന്നണികള്‍ക്കും വളക്കൂറുള്ള മണ്ണ്
ആലപ്പുഴ എന്നു പറഞ്ഞാല്‍ യുഡിഎഫിനും എല്‍ഡിഎഫിനും വളക്കുര്‍ ഉള്ള മണ്ണ് തന്നെയാണ്. ആയതിനാല്‍ തന്നെ അവിടുത്തെ വിജയപരാജയങ്ങള്‍ പ്രവചിക്കുക എന്നതും വളരെ അസാധ്യമാണ്. ആലപ്പുഴയുടെ കഴിഞ്ഞകാല ചരിത്രം നോക്കിയാല്‍ വളരെക്കാലം കോണ്‍ഗ്രസിലെ വക്കം പുരുഷോത്തമന്‍ ആയിരുന്നു ആലപ്പുഴയുടെ എം പി. അദ്ദേഹത്തിനെതിരെ സിപിഎമ്മിലെ അന്നത്തെ യുവതാരം ടി.ജെ. ആഞ്ചലോസിനെ ഇറക്കി ഇടതുമുന്നണി സീറ്റ് സ്വന്തമാക്കുകയായിരുന്നു. പിന്നീട് ജനകീയനായ എം.പി എന്ന പേരെടുത്ത ആഞ്ചലോസിനെ തളയ്ക്കാന്‍ ബുദ്ധിമുട്ട് എന്നുകണ്ട് അന്നത്തെ കോണ്‍ഗ്രസിലെ തീപ്പൊരി നേതാവും മണലൂര്‍ എം.എല്‍.എ യുമായിരുന്ന വി.എം.സുധീരനെ തൃശൂരില്‍ നിന്ന് ആലപ്പുഴയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് ഇറക്കി ആലപ്പുഴ മണ്ഡലം യു.ഡി.എഫിനു വേണ്ടി തിരിച്ചു പിടിക്കുകയായിരുന്നു.
തുടര്‍ന്ന് അന്തരിച്ച സിനിമ നടന്‍ മുരളി പോലും സുധീരനെതിരെ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. സുധീരന്‍ തോല്‍പ്പിച്ച ടി.ജെ. ആഞ്ചലോസ് പിന്നീട് സി.പി.എം വിട്ട് സി.പി.ഐ യില്‍ ചേര്‍ന്നത് ചരിത്രം. ആദര്‍ശധീരനെന്ന് പേരെടുത്ത് ആലപ്പുഴയില്‍ തിളങ്ങി നിന്ന സുധീരനും പിന്നീട് കാലിടറി. അവിടുത്തെ പ്രബല സമുദായമായ ലത്തീന്‍ കത്തോലിക്കാ വിഭാഗത്തില്‍ പെട്ട ഡോ. കെ.എസ്.മനോജിനെ സി.പി.എം സ്വതന്ത്രനായി മത്സരിപ്പിച്ച് സുധീരനെ ചെറിയ മാര്‍ജിനില്‍ തോല്‍പ്പിക്കുകയായിരുന്നു. അന്ന് കെ.സി വേണുഗോപാല്‍ ആലപ്പുഴ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയായിരുന്നു. ശേഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള ജനപ്രതിനി കെ.സി.യെ ഡോ.കെ.എസ് മനോജിനെതിരെ യു.ഡി.എഫ് കളത്തിലിറക്കുകയായിരുന്നു.അതില്‍ യു.ഡി.എഫ് വിജയം കാണുകയും ചെയ്തു. ഡോ.കെ.എസ്.മനോജിനെ തോല്‍പ്പിച്ച് കെ.സി.വേണുഗോപാല്‍ പാര്‍ലമെന്റില്‍ എത്തി. പിന്നീട് കഴിഞ്ഞ തവണ മത്സരിക്കാതിരിക്കുന്നതുവരെ വേണുഗോപാലിന്റെ ജൈത്രയാത്രയാണ് ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തില്‍ കണ്ടത്.
ആലപ്പുഴ, അരൂർ, അമ്പലപ്പുഴ, ഹരിപ്പാട് ,ചേർത്തല , കായുകുളം , കരുനാഗപ്പള്ളി എന്നാീ നിയമസഭ മണ്ഡലങ്ങളാണ് ആലപ്പുഴ ലോകസഭ മണ്ഡലത്തിനു കീഴിൽ. ഇതിൽ രണ്ടെണ്ണം ഒഴികെ എല്ലാം ഇടതു മണ്ഡലങ്ങളാണ്. അതായത് ഇത് ഇടത്തേക്ക് ചാഞ്ഞിരിക്കുന്ന മണ്ഡലമാണ്. കൂടാതെ ശോഭ ഫാക്ടർ ആരെയാണ് കൂടുതൽ ബാധിക്കുക എന്നത് ആലോചിക്കേണ്ടതാണ്. മൽസരിക്കുന്ന എല്ലാ തിരഞ്ഞെടുപ്പിലും വോട്ട് നില നല്ല രീതിയിൽ കൂട്ടാൻ കഴിഞ്ഞിട്ടുള്ള നേതാവാണ് ശോഭ സുരേന്ദ്രൻ. ശോഭയ്ക്കു ലഭിക്കുന്ന വോട്ടുകൾ ആരുടെ നഷ്ടമാണ് എന്നത് അനുസരിച്ചായിരിക്കും ആലപ്പുഴയിലെ ജയപരാജയം.
മുക്കുംമൂലയും അറിയാവുന്നവര്‍
കെ.സി.യ്ക്കും ആരിഫിനും ആലപ്പുഴയുടെ മുക്കും മൂലയും പാര്‍ട്ടി പ്രവര്‍ത്തകരെയും അറിയാം എന്ന് സാരം. ആരിഫ് ജന്മം കൊണ്ട് ആലപ്പുഴക്കാരന്‍ ആണ്. കെ.സി. യുടെ സ്വദേശം കണ്ണൂര്‍ ആണ്. അദ്ദേഹം അവിടെ നിന്നാണ് ലീഡര്‍ കെ കരുണാകരന്റെ അനുഗ്രഹത്താല്‍ ആലപ്പുഴയില്‍ എത്തി വിജയക്കൊടി പാറിച്ചത്. കുറച്ചുകാലം സംസ്ഥാന മന്ത്രിയും ആയിരുന്ന വ്യക്തിയാണ് കെ.സി.വേണുഗോപാല്‍. കഴിഞ്ഞ തവണ സംസ്ഥാനത്ത് മറ്റുള്ള എല്ലാ പാര്‍ലമെന്റ് മണ്ഡലങ്ങളിലും യു.ഡി.എഫ് വന്‍ ഭൂരിപക്ഷത്തില്‍ വിജയം വരിച്ചപ്പോള്‍ ചെറിയ ഒരു മാര്‍ജിനിലാണ് യു.ഡി.എഫിന്റെ ഷാനിമോള്‍ ഉസ്മാന്‍ ആരിഫിനോട് തോറ്റത്. പിന്നീട് ആരിഫ് അരൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ സ്ഥാനം രാജിവെച്ചതുമൂലം അരൂരില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ഷാനിമോള്‍ ഉസ്മാന്‍ എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ഈ സീറ്റ് തിരിച്ചു പിടിക്കുകയും ചെയ്തു. എല്‍.ഡി.എഫിലെ ദലിമാ ജോജ യാണ് യു.ഡി.എഫിലെ ഷാനിമോള്‍ ഉസ്മാനെ തോല്‍പ്പിച്ച് സീറ്റ് തിരിച്ച് പിടിച്ചത്.അതിനാല്‍ ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തില്‍ എന്ന് അല്ല അതില്‍ വരുന്ന നിയമസഭാ മണ്ഡലങ്ങളില്‍ പോലും ആര്‍ക്കെന്ന് പ്രവചിക്കുക അസാധ്യമാണ്.
Who will win Alappuzha parliament Constituency












