‘പലസ്തീനെ പട്ടിണിക്കിടുന്ന വൈറ്റ് ഹൗസ് ഞങ്ങൾക്ക് അപ്പം വിളമ്പണ്ട’; ബൈഡന്റെ ഇഫ്താർ സംഗമം ബഹിഷ്കരിച്ച് മുസ്ലിം നേതാക്കൾ; പരിപാടി റദ്ദാക്കി

വാഷിംഗ്ടൺ: ഗാസയ്‌ക്കെതിരായ ഇസ്രായേൽ യുദ്ധത്തിന് പ്രസിഡൻ്റ് ജോ ബൈഡൻ്റെ പിന്തുണയിൽ പ്രതിഷേധിച്ച് നിരവധി അമേരിക്കൻ മുസ്ലിം നേതാക്കൾ ക്ഷണം നിരസിച്ചതിനെത്തുടർന്ന് വൈറ്റ് ഹൗസ് റമദാൻ ഇഫ്താർ സംഗമം റദ്ദാക്കി.

വൈറ്റ് ഹൗസ് ഒരുക്കുന്ന ഇഫ്താർ സംഗമത്തിൽ പങ്കെടുക്കുന്നതിനെതിരെ മുസ്ലിം സമുദായ അംഗങ്ങൾ നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് നടപടിയെന്ന് അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.

തുടക്കത്തിൽ വരാമെന്ന് സമ്മതിച്ച ക്ഷണിതാക്കൾ ഉൾപ്പെടെ നിരവധി ആളുകൾ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതിനാൽ പരിപാടി വേണ്ടെന്നുവച്ചതായി കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്‌ലാമിക് റിലേഷൻസിൻ്റെ (സിഎഐആർ) ഡെപ്യൂട്ടി ഡയറക്ടർ എഡ്വേർഡ് അഹമ്മദ് മിച്ചൽ പറഞ്ഞു.

“ഗാസയിലെ പലസ്തീൻ ജനതയെ പട്ടിണിക്കിടാനും കശാപ്പ് ചെയ്യാനും ഇസ്രായേൽ സർക്കാരിനെ പിന്തുണയ്ക്കുന്ന അതേ വൈറ്റ് ഹൗസ് ഞങ്ങൾ അപ്പം വിളമ്പുന്നത് അംഗീകരിക്കാനാവില്ലെന്ന് അമേരിക്കൻ മുസ്ലീം സമൂഹം വളരെ നേരത്തെ തന്നെ പറഞ്ഞിരുന്നു,” മിച്ചൽ അൽ ജസീറയോട് പറഞ്ഞു.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി അമേരിക്കന്‍ പ്രസിഡന്റുമാർ വൈറ്റ് ഹൗസില്‍ മുസ്ലിം സമുദായത്തിലെ പ്രമുഖർക്കായി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചിരുന്നു. സമുദായത്തിലെ നേതാക്കളെ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും നേരിട്ട് കാണുമെന്ന് വൈറ്റ് ഹൗസ് വക്താവ് കരീന്‍ ജീന്‍ പിയറി അറിയിച്ചു. ഇഫ്താറിനുള്ള ക്ഷണം എന്തുകൊണ്ടാണ് സാമുദായിക നേതാക്കള്‍ നിരസിച്ചതെന്ന് ചോദ്യത്തിന് വിരുന്നിന് പകരം ചർച്ചയാണ് അവർ ആവശ്യപ്പെട്ടതെന്നായിരുന്നു കരീനിന്റെ മറുപടി. നിലവില്‍ ചർച്ചയ്ക്ക് മുന്‍ഗണന നല്‍കണമെന്നാണ് അവരുടെ നിലപാടെന്നും വൈറ്റ് ഹൗസ് വക്താവ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ ആറ് മാസമായി മുസ്ലിം സമുദായം നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും ഈ ചർച്ചയും വെറുതെയാകുമെന്ന അഭിപ്രായവും അമേരിക്കന്‍ മുസ്ലിം സംഘടനാ പ്രതിനിധികള്‍ ഉയർത്തിയിട്ടുണ്ട്. എത്രയൊക്കെ ചർച്ചകള്‍ നടന്നാലും, എത്ര പ്രതിനിധികള്‍ പങ്കെടുത്താലും വൈറ്റ് ഹൗസ് മാറി ചിന്തിക്കാന്‍ തയാറാകില്ലെന്ന് പലസ്തീനിലെ അമേരിക്കന്‍ മുസ്ലിം വിഭാഗങ്ങളുടെ ചുമതല വഹിക്കുന്ന മുഹമ്മദ് ഹബെ വിമർശിച്ചു. ഇസ്രയേലിനുള്ള പിന്തുണ പിന്‍വലിക്കാതെ അമേരിക്കയിലെ മുസ്ലിം വിഭാഗത്തെ പരിപാലിക്കുന്നുണ്ടെന്ന് അവകാശപ്പെടാന്‍ ബൈഡന് സാധിക്കില്ലെന്നും ഹബെ കൂട്ടിച്ചേർത്തു.