
വയാനാട്ടിൽ ഉരുൾപ്പൊട്ടിയ ( ജൂലൈ 29) പകൽ കേന്ദ്ര കലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് പ്രകാരം ഓറഞ്ച് അലേർട്ടായിരുന്നു. ഉരുൾപ്പൊട്ടിയ ശേഷം ജൂലൈ 30 നു രാവിലെയാണ് റെഡ് അലേർട്ട് പുറപ്പെടുവിച്ചത്. അത് കേന്ദ്ര കാലാവസ്ഥ വകുപ്പ് മേധാവി മൃത്യുഞ്ജയ് മൊഹാപത്ര സമ്മതിക്കുകയും ചെയ്തു. ദുരന്തത്തിന് മുമ്പ് ഒരു തവണ പോലും റെഡ് അലേർട്ട് നൽകിയില്ല എന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാദം ശരിയാണ് എന്ന് ഇതോടെ വ്യക്തമായി.
കാലാവസ്ഥ വകുപ്പിന് മാത്രമല്ല ജിയോളജി വകുപ്പിനും ഉരുൾപ്പൊട്ടലിനെ കുറിച്ച് ഒരു മുന്നറിയിപ്പും നൽകാനായില്ല. വയനാട്ടിൽ കേന്ദ്രസർക്കാർ സ്ഥാപിച്ച ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംവിധാനത്തിൽ നിന്ന് 29 ന് ഉച്ചയ്ക്ക് രണ്ടിനു പുറത്തുവന്ന റെയിൻ ഫോർ ഇൻഡ്യൂസ്ഡ് ലാൻഡ്സ്ലൈഡ് ഫോർക്കാസ്റ്റ് ബുള്ളറ്റിൻ പ്രകാരം 29, 30 തീയതികളിൽ വയനാട് ജില്ലയിൽ ഗ്രീൻ അലേർട്ടാണ് . അതായത് ഉരുൾപ്പൊട്ടൽ സാധ്യത തീരെയില്ല.
പ്രോട്ടോകോൾ പ്രകാരം , പ്രകൃതി ദുരന്തങ്ങൾ സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകേണ്ടത് കേന്ദ്ര ഏജൻസികളാണ്. എന്തുകൊണ്ടാണ് കേന്ദ്ര ഏജൻസികൾക്ക് വയനാട് ഉരുൾപൊട്ടൽ പ്രവചിക്കാനാകാതെ പോയത്. അവരുടെ നിഗമനങ്ങൾ തെറ്റിയത് എന്തുകൊണ്ടാണ് ?
മേഘങ്ങളെ ആധാരമാക്കിയാണ് മഴ പ്രവചനങ്ങൾ നടത്തുക. റാഡാർ സംവിധാനത്തിലൂടെ മേഘങ്ങളുടെ വലുപ്പം, ഘനം , ദിശ തുടങ്ങിയവ വിലയിരുത്തിയാണ് പ്രവചനങ്ങൾ വരാറുള്ളത്. 1 – 6 മണിക്കൂർ ഇടവേളകളിൽ റഡാർ നിരീക്ഷണത്തെ അടിസ്ഥാനമാക്കിയാണ് വിവരം ശേഖരിക്കുക. ഇത് ഏറെക്കുറെ ശരിയാകാറുമുണ്ട്. എന്നാൽ വയനാട്ടിൽ സംഭവിച്ചത് എന്താണ്. ഒരു മണിക്കൂറിൽ താഴെ സമയം കൊണ്ട് കൂറ്റൻ കൂമ്പാര മേഘം ( ക്യുമിലോ നിംബസ് മേഘം) രൂപപ്പെടുകയും അത് പെട്ടെന്ന് പെയ്യുകയുമാണ് ഉണ്ടായത്. സാധാരണ വലിയ വിസ്തൃതിയിൽ ആയിരക്കണക്കിന് കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന മേഘപടലങ്ങളാണ് മൺസൂൺ മഴ പെയ്യിക്കാറ്. കൂമ്പാര മേഘം അത്തരത്തിലൊന്നല്ല.
എന്താണ് കൂമ്പാര മേഘം
മേഘപാളികൾ ഒന്നിനു മേലെ ഒന്നായി 20 കിലോമീറ്ററോളം ഉയരത്തിൽ വലിയ മേഘപാളി രൂപപ്പെടുന്നതിനെയാണ് കൂമ്പാര മേഘം എന്നു പറയുന്നത്. ഒരു മണിക്കൂറിൽ താഴെ സമയം കൊണ്ട് ഇത്തരത്തിൽ മേഘപാളികൾ ഒരുമിച്ചു കൂടുകയും മഴയായി പെയ്യുകയും ചെയ്യുന്നു. കാലാവസ്ഥ പ്രവനങ്ങൾ തെറ്റുന്നത് അതിനാലാണ്. വയനാട്ടിൽ ഇതു സംഭവിച്ചത് രാത്രിയാണ് . പെട്ടെന്നു രൂപപ്പെട്ട ഈ മേഘ കൂമ്പാരത്തെ കണ്ടുപിടിക്കാൻ കാലാവസ്ഥ വകുപ്പിൻ്റെ സംവിധാനം വൈകി.വളരെ ചെറിയ സമയത്ത് അതിശക്തമായ മഴ വളരെ ചെറിയ പ്രദേശത്ത് ഉണ്ടാക്കാൻ കൂമ്പാര മേഘങ്ങൾക്ക് കഴിയും. മേഘ സ്ഫോടനം പോലുള്ള അതിതീവ്ര നാശം വിതയ്ക്കുന്ന പ്രതിഭാസങ്ങൾക്ക് ഇത്തരം മേഘങ്ങൾക്ക് കാരണമാകാറുണ്ട്.
Why could not Metrological depart predict Wayanad landslide