ബൈഡൻ – ട്രംപ് പോരാട്ടത്തിൽ ടെയ് ലർ സ്വിഫ്ടിന് എന്താണ് കാര്യം?

വെബ്ഡെസ്ക്

ടെയ് ലർ സ്വിഫ്ട് എന്ന ഗായിക ലോകത്തിന്റെ നെറുകയിൽ നിൽക്കുന്ന പോപ്പ് സെൻസേഷനാണ്. അമേരിക്കയിലെ യുവാക്കൾക്ക് ഏറ്റവും പ്രിയപ്പെട്ട താരം. സിനിമ – രാഷ്ട്രീയ – സ്പോർട്സ് വ്യക്തിത്വങ്ങളേക്കാൾ ജനപ്രീതി സിഫ്ടിനാണ്. ഗായികയും പാട്ട് എഴുത്തുകാരിയുമായ ഈ 34 വയസ്സുകാരിയാണ് 2023 ലെ ടൈം മാഗസിൻ്റെ വാർത്താ താരം. അമേരിക്കയിലെ 35 വയസ്സിൽ താഴെ പ്രായമുള്ള 10 ൽ മൂന്നു പേരും ടെയ് ലർ സ്വിഫ്ട് പറയുന്ന വ്യക്തിക്ക് വോട്ട് ചെയ്യും എന്നാണ് സർവേ റിപ്പോർട്ടുകൾ. സ്വാഭാവികമായും രാഷ്ട്രീയക്കാർ സ്വിഫ്ടിനെ ഭയക്കേണ്ടതുണ്ട്.

ടൈം മാഗസിൻ്റെ ‘2023 ലെ പേഴ്‌സൺ ഓഫ് ദ ഇയർ’ ആയിരുന്നു ടെയ്‌ലർ സ്വിഫ്റ്റ്. ഇതിൽ കടുത്ത നിരാശ അനുഭവപ്പെട്ടത് ഡൊണാൾഡ് ട്രംപിനാണെന്നാണ് റിപ്പോർട്ട്. താൻ സ്വിഫ്റ്റിനേക്കാൾ കൂടുതൽ ജനപ്രിയനാണെന്നും “അവരേക്കാൾ കൂടുതൽ പ്രതിബദ്ധതയുള്ള ആരാധകർ തനിക്കാണെന്നും ട്രംപ് സ്വകാര്യമായി അവകാശപ്പെട്ടതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ടൈം മാഗസിൻ്റെ 2023 ലെ പേഴ്‌സൺ ഓഫ് ദ ഇയർ ആയി അദ്ദേഹത്തെ തിരഞ്ഞെടുക്കാത്തതിൽ ട്രംപിന് കടുത്ത ദുഖമുണ്ട്. പോരാത്തതിന് അത് ലഭിച്ചത് സ്വിഫ്ടിനും. സ്വഫ്ടിനെ ട്രംപിന് കണ്ണെടുത്താൽ കണ്ടുകൂട, കാരണം കഴിഞ്ഞ് തിരഞ്ഞെടുപ്പിൽ സ്വിഫ്ട് ബൈഡനെ പിന്തുണച്ചിരുന്നു. ന്യൂയോർക് ടൈംസ് റിപ്പോർട്ട് അനുസരിച്ച്, ടെയ്‌ലറുടെ ഒരൊറ്റ ഇൻസ്റ്റാഗ്രാം പോസ്റ്റ് കഴിഞ്ഞ വർഷം “35,000 പുതിയ വോട്ടർ രജിസ്ട്രേഷനുകളിലേക്ക് നയിച്ചു”. എന്നിരുന്നാലും, എ-ലിസ്റ്റ് സെലിബ്രിറ്റി അംഗീകാരങ്ങളൊന്നും ബൈഡനെ രക്ഷിക്കാൻ പോകുന്നില്ല എന്നാണ് ട്രംപ് അനുകൂലികളുടെ പക്ഷം.

ടെയ്‌ലർ സ്വിഫ്റ്റ് പ്രസിഡൻ്റ് ജോ ബൈഡനെ ഇത്തവണയും പിന്തുണയ്ക്കുമോ എന്ന് അറിയില്ല. പല ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. എന്നിരുന്നാലും, അവൾ ഇതുവരെ ഒരു സ്ഥാനാർത്ഥിയുടെ പേരും പറഞ്ഞിട്ടില്ല. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് അനുസരിച്ച്, “ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയോ സംഗീതപരിപാടിക്കിടയിലെ ചെറിയ ഒരു പരാമർശത്തിലൂടെയോ ദശലക്ഷക്കണക്കിന് വോട്ടർമാരെ സ്വാധീനിക്കാനുള്ള കഴിവ് സ്വിഫ്ടിനുണ്ട്’

പഴയ കലിപ്പ് തീരാത്ത ട്രംപും കൂട്ടരും ആദ്യം തന്നെ സ്വിഫ്ടുമായി വിശുദ്ധ യുദ്ധം പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ സൂപ്പർ ഗായികയെ കുറിച്ചു നട്ടാൽ കുരുക്കാത്ത ഗൂഢാലോചന സിദ്ധാന്തങ്ങളാണ് ട്രംപ് പക്ഷത്തു നിന്ന് പുറത്തുവരുന്നത് . സ്വിഫ്ട് തൻ്റെ പുരുഷ സുഹൃത്തായി ട്രാവിസ് കെൽസീ എന്ന ഫൂട്ബോളറെ തിരഞ്ഞെടുത്തതു തന്നെ ബൈഡനെ പിന്തുണയ്ക്കാണ്, എന്തിന് നാഷനൽ ഫൂട്ബോൾ ലീഗു പോലും നടത്തുന്നത് ബൈഡനു വേണ്ടിയാണെന്നാണ് ഇക്കൂട്ടരുടെ വാദം. ഇതൊക്കെ തമ്മിൽ എന്താണ് ബന്ധം എന്നൊരു പിടിയുമില്ല.

ജനുവരി 28-ന് പ്രസിദ്ധീകരിച്ച ന്യൂസ് വീക്കിൻ്റെ പ്രിപോൾ സർവേ പറയുന്നത് യുവ വോട്ടർമാരെ ഏറ്റവും സ്വാധീനിക്കാൻ ശേഷിയുള്ളത് സ്വിഫ്ടിനാണ് എന്നാണ്. 18 ശതമാനം വോട്ടർമാർ സ്വിഫ്ട് അംഗീകരിച്ച ഒരു സ്ഥാനാർത്ഥിക്ക് വോട്ടുചെയ്യുമെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്നിപ്പോൾ ഗ്രാംി പുരസ്കാരം കൂടി നേടി തൻ്റെ പ്രശസ്തി ഒരുപടികൂടി കൂട്ടിയിരിക്കുകയാണ് ഈ ഗായിക. അതുകൊണ്ടു തന്നെ രാഷ്ട്രീയ പോരാളികളുടെ ചങ്കിടിക്കും.

Why Taylor Swift is so important In American Election