എന്തുകൊണ്ട് ജെഡി വാന്‍സ്? ട്രംപ് ലക്ഷ്യമിടുന്നത് എന്ത്?

2016ല്‍, ഡൊണാള്‍ഡ് ട്രംപ് ഇന്ത്യാന ഗവര്‍ണര്‍ മൈക്ക് പെന്‍സിനെ തന്റെ വൈസ് പ്രസിഡന്‌റ് സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുത്തപ്പോള്‍, ക്രിസ്ത്യന്‍ വോട്ടര്‍മാരെ പ്രീണിപ്പിക്കുന്നതിനു വേണ്ടിയുള്ള നീക്കമായാണ് ഇത് കണക്കാക്കപ്പെട്ടത്. ഇത്തവണ ട്രംപ് ഒഹയോ സെനറ്റര്‍ ജെഡി വാന്‍സിനെയാണ് വൈസ് പ്രസിഡന്‌റ് സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുത്തത്. കഴിഞ്ഞ തവണത്തേതു പോലെ ഇക്കുറിയും ചില ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ് ട്രംപിന്റെ ഈ തിരഞ്ഞെടുപ്പ് എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

ട്രംപിന്റെ കടുത്ത വിമർശകനായിരുന്ന വാൻസ് ഇപ്പോൾ മുൻ പ്രസിഡന്റിന്റെ ശക്തനായ പിന്തുണക്കാരനാണ്. ഒഹായോയിലെ മിഡിൽടൗണിൽ ദരിദ്രകുടുംബത്തിൽ ജനിച്ചുവളർന്ന വാൻസ് യുഎസ് സൈനികനായി ഇറാഖിൽ ഉൾപ്പെടെ പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, യേൽ ലോ സ്കൂൾ എന്നിവിടങ്ങളിൽനിന്നു ബിരുദങ്ങൾ നേടി. സിലിക്കൺവാലിയിൽ വെഞ്ച്വർ ക്യാപ്പിറ്റലിസ്റ്റായിരുന്നു.

വാൻസിന്റെ ‘ഹിൽബില്ലി എലജി’ എന്ന ഓർമക്കുറിപ്പ് യുഎസിൽ ബെസ്റ്റ് സെല്ലറായിരുന്നു. തന്റെ ജീവിത പശ്ചാത്തലം എങ്ങനെയാണ് രാഷ്ട്രീയത്തെയും ലോകവീക്ഷണത്തെയും സ്വാധീനിച്ചിട്ടുള്ളത് എന്ന് പുസ്തകത്തിൽ വാൻസ് പറയുന്നുണ്ട്. താഴെ തട്ടിൽ നിന്നും ഉയർന്നുവന്ന, വിദ്യാസമ്പന്നനും ചെറുപ്പക്കാരനുമായ വാൻസിന്റെ സ്ഥാനാർത്ഥിത്വം തനിക്കൊരു പ്ലസ് പോയിന്റ് ആണെന്ന് ട്രംപിന് അറിയാം. വിവിധ വിഷയങ്ങളിലെ നിലപാടുകളിൽ ട്രംപിന്റെ തനിപകർപ്പാണു വാൻസ് എന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ആരോപിച്ചു.

2016-ൽ ട്രംപിന് തിരിച്ചടി നേരിട്ട സംസ്ഥാനങ്ങളിൽ വെള്ളക്കാരായ തൊഴിലാളിവർഗ വോട്ടർമാരുമായി ബന്ധം സ്ഥാപിക്കാനും വോട്ടുകൾ ഏകോപിപ്പിക്കാനും വാൻസിന് എളുപ്പത്തിൽ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇക്കാര്യം തന്നെയാണ് ട്രംപിന്റെയും പിടിവള്ളിയെന്ന് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ നിന്ന് മനസിലാക്കാവുന്നതാണ്.

പെൻസിൽവാനിയ, മിഷിഗൺ, വിസ്‌കോൺസിൻ, ഒഹായോ, മിനസോട്ട എന്നിവിടങ്ങളിലെ അമേരിക്കൻ തൊഴിലാളികൾക്കും കർഷകർക്കും ഉൾപ്പെടെ ആർക്കൊക്കെ വേണ്ടിയാണോ വാൻസ് പോരാടിയത്, ആ മേഖലയിലേക്ക് കൂടുതൽ ശ്രദ്ധ പതിപ്പിക്കുമെന്നാണ് ട്രംപ് പറഞ്ഞത്. വാൻസിന്റെ സൈനിക സേവനത്തെയും വിദ്യാഭ്യാസത്തെയും ട്രംപ് പ്രശംസിച്ചു.

നവംബറിൽ നടക്കാനിരിക്കുന്ന മത്സരത്തിൽ ട്രംപ് വിജയിച്ച് പ്രസിഡന്റ് സ്ഥാനത്ത് എത്തിയാൽ, 2028ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജെ ഡി വാൻസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെട്ടേക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

More Stories from this section

family-dental
witywide