
പട്ന: മത്സ്യവിഭവം കഴിച്ച് പുലിവാല് പിടിച്ചിരിക്കുകയാണ് ബീഹാറിലെ ആര്‍ജെഡി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. കഴിഞ്ഞ ദിവസം ഹെലികോപ്ടറിലിരുന്ന് മത്സ്യവിഭവം കഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ച തേജസ്വി യാദവിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. സസ്യാഹാരം പിന്തുടരുന്ന 10 ദിവസത്തെ നവരാത്രി വ്രതം ആരംഭിച്ചിരിക്കുകയാണെന്നും അപ്പോള്‍ മാംസാഹാരം കഴിച്ചത് ശരിയായില്ലെന്നുമാണ് പ്രതിഷേധക്കാരുടെ പ്രധാന ചൂണ്ടിക്കാട്ടല്‍.
എന്നാല്‍ സംഭവം വിവാദമാകുകയും പ്രതിഷേധം കനക്കുകയും ചെയ്തതോടെ നേതാവ് തന്നെ തിരുത്തലുമായി രംഗത്തെത്തുകയായിരുന്നു. നവരാത്രി ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പുള്ള ഏപ്രില്‍ 8 നുള്ള വീഡിയോയാണ് തന്റെ പോസ്റ്റില്‍ പരാമര്‍ശിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി നേതാവ് ഇന്ന് തിരിച്ചടിച്ചു.
चुनावी भागदौड़ एवं व्यस्तता के बीच हेलिकॉप्टर में भोजन! दिनांक- 08/04/2024 #TejashwiYadav #bihari #politics #Bihar #biharifood #बिहार #india pic.twitter.com/JIfgbXfQpP
— Tejashwi Yadav (@yadavtejashwi) April 9, 2024
‘ബിജെപിയുടെയും ഗോഡി മീഡിയ ഫോളോവേഴ്സിന്റെയും ഐക്യു പരിശോധിക്കുന്നതിനാണ് ഞങ്ങള്‍ ഈ വീഡിയോ അപ്ലോഡ് ചെയ്തത്. ഞങ്ങളുടെ ചിന്താഗതി ശരിയാണെന്ന് തെളിയിക്കപ്പെട്ടു. ട്വീറ്റില്‍ തീയതി പറയുന്നു, പക്ഷേ പാവം അന്ധരായ അനുയായികള്‍ക്ക് എന്തറിയാം? അവസാനം, സാഹ്നി ജി മുളക് ലഭിക്കുന്നതിനെക്കുറിച്ചും പരാമര്‍ശിച്ചിട്ടുണ്ട്’, സ്വയം പ്രതിരോധമെന്ന നിലയില്‍ തജസ്വി യാദവ് കുറിച്ചതിങ്ങനെ.
താനും മുന്‍ മന്ത്രി മുകേഷ് സാഹ്നിയും ഹെലികോപ്റ്ററില്‍ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം ആര്‍ജെഡി നേതാവ് പങ്കുവെച്ചതോടെയാണ് ട്രോളും പ്രതിഷേധവും കനത്തത്. ‘തിരഞ്ഞെടുപ്പിന്റെ തിരക്കിനിടയില്‍ ഹെലികോപ്റ്ററില്‍ ഭക്ഷണം!’ എന്നായിരുന്നു എട്ടാം തീയതി പങ്കുവെച്ച പോസ്റ്റില്‍ എഴുതിയിരുന്നത്.












