കോതമംഗലം: കുട്ടമ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച എല്‍ദോസിന്റെ മൃതദേഹം സംഭവസ്ഥലത്തുനിന്ന് നീക്കി. ചര്‍ച്ചയില്‍ കലക്ടര്‍ നല്‍കിയ ഉറപ്പുകളെത്തുടര്‍ന്നാണ് മൃതദേഹം ആശുപത്രയിലേക്ക് മാറ്റാന്‍ നാട്ടുകാര്‍ അനുവദിച്ചത്. 10 ലക്ഷം രൂപ അടിയന്തര ധനസഹായം ഉടൻ തന്നെ മരിച്ച എല്‍ദോസിന്റെ കുടുംബത്തിന് കൈമാറും. ഡി.എഫ്.ഒ. ചെക്ക് ഒപ്പിട്ടു നല്‍കിയിട്ടുണ്ടെന്ന് കലക്ടര്‍ വ്യക്തമാക്കി.
പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും. കോതമംഗലം താലൂക്ക് ആശുപത്രിയിലേക്കാണ് മൃതദേഹം മാറ്റിയത്.
ജനങ്ങളുടെ വികാരം മനസിലാക്കുന്നുവെന്ന് കലക്ടര്‍ പറഞ്ഞു. നാട്ടുകാരുടെ ആവശ്യങ്ങളില്‍ വിശദമായി ഓരോകാര്യവും ചര്‍ച്ച ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി. ചര്‍ച്ചയിലെ തീരുമാനങ്ങള്‍ അറിയിച്ച ശേഷം മൃതദേഹം എടുക്കാനുള്ള അനുവാദം നല്‍കണമെന്ന് കലക്ടര്‍ നാട്ടുകാരോട് കൈക്കൂപ്പി അപേക്ഷിച്ചു.
എട്ട് കിലോമീറ്റര്‍ ട്രെഞ്ചിങ്ങ് ജോലി ചൊവ്വാഴ്ച തുടങ്ങും. സോളാര്‍ വേലി സ്ഥാപിക്കാനുള്ള ജോലി 21-ന് പുനരാരംഭിക്കും. സോളാര്‍ തൂക്കുവേലി സ്ഥാപിക്കാനുള്ള ജോലി ഉടനെ ആരംഭിക്കും. അഞ്ചുദിവസത്തിനുള്ളില്‍ വഴി വിളക്ക് പുനഃസ്ഥാപിക്കും. 27-ന് കലക്ടര്‍ നേരിട്ട് വന്ന് അവലോകനം നടത്തും. ആര്‍.ആര്‍.ടിക്ക് വാഹനസൗകര്യം ഉറപ്പാക്കും. വാഹനത്തിനായി എം.എല്‍.എ. ഫണ്ട് അനുവദിക്കും. അതുവരെ വാടകയ്‌ക്കെടുക്കും എന്നീ കാര്യങ്ങളിലാണ് ചര്‍ച്ചയില്‍ തീരുമാനമായത്.
എല്‍ദോസിന്റെ മരണത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി നാട്ടുകാര്‍ രംഗത്തെത്തി. ഉരുളന്‍തണ്ണി ഫോറസ്റ്റ് സ്‌റ്റേഷന് അരകിലോമീറ്റര്‍ അകലെയാണ് കാട്ടാന ആക്രമണത്തില്‍ യുവാവിന് ജീവന്‍ നഷ്ടമായത്. മരിച്ച എല്‍ദോസിന് മുമ്പ് ഇതുവഴി പോയ ആള്‍, ഫോറസ്റ്റ് സ്‌റ്റേഷനിലെത്തി കാട്ടാന ഇറങ്ങിയ കാര്യം അറിയിച്ചിരുന്നു. എന്നാല്‍, ഉദ്യോഗസ്ഥര്‍ വേണ്ട നടപടി സ്വീകരിക്കാന്‍ തയ്യാറായില്ല. പിന്നാലെ ഇതുവഴി പോയ എല്‍ദോസിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. മൃതദേഹം മാറ്റാന്‍ വാഹനം ആവശ്യപ്പെട്ടപ്പോള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഡീസലില്ലെന്ന് പറഞ്ഞൊഴിഞ്ഞെന്നും നാട്ടുകാര്‍ ആരോപിച്ചു.സര്‍ക്കാരിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച് കോതമംഗലത്തും കുട്ടമ്പുഴയിലും ചൊവ്വാഴ്ച ഹര്‍ത്താലിന് ആഹ്വാനംചെയ്തു. ജനകീയ ഹര്‍ത്താലും വൈകീട്ട് മൂന്ന് മണിക്ക് പ്രതിഷേധ റാലിയും നടക്കും.










