ആരുടെയും ഇന്ത്യൻ പൗരത്വം തട്ടിയെടുക്കില്ല; ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് സിഎഎ നടപ്പാക്കും: അമിത് ഷാ

ന്യൂഡൽഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 370 സീറ്റുകളും എൻഡിഎയ്ക്ക് 400-ലധികം സീറ്റുകളും ലഭിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ തുടർച്ചയായി മൂന്നാം തവണയും സർക്കാർ രൂപീകരിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇ.ടി നൗ ഗ്ലോബൽബിസിനസ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.

ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ഫലത്തെക്കുറിച്ച് യാതൊരു സംശയവുമില്ലെന്നും കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും പോലും തങ്ങൾക്ക് വീണ്ടും പ്രതിപക്ഷ ബഞ്ചിൽ ഇരിക്കേണ്ടിവരുമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഷാ ഉറപ്പിച്ചു പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പായി പൗരത്വ ഭേദഗതി നിയമം(സിഎഎ) നടപ്പാക്കുമെന്നും എന്നാൽ ആരുടെയും പൗരത്വം തട്ടിപ്പറിക്കില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

”ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 ഞങ്ങൾ റദ്ദാക്കി. ലോക്സഭ തെരഞ്ഞെടുപ്പിൽ ജനം 370 സീറ്റ് നൽകി ബിജെപിയെയും 400ലേറെ സീറ്റുകൾ നൽകി എൻഡിഎയും അനുഗ്രഹിക്കുമെന്നാണ് ഞങ്ങൾ കരുതുന്നത്.​”

രാഷ്ട്രീയ ലോക് ദൾ, ശിരോമണി അകാലി ദൾ എന്നിവക്കു പിന്നാലെ കൂടുതൽ പ്രദേശിക പാർട്ടികൾ എൻഡിഎയിൽ എത്തു​മെന്ന സൂചനയും അമിത് ഷാ നൽകി. ഇതെ കുറിച്ച് ചർച്ചകൾ പുരോഗമിക്കുകയാണെന്നും അമിത് ഷാ സൂചിപ്പിച്ചു.

More Stories from this section

family-dental
witywide