
കൊൽക്കത്ത: കേന്ദ്രസർക്കാരിന് അന്ത്യശാസനവുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. ഏഴുദിവസത്തിനകം കേന്ദ്രം തരാനുള്ള കുടിശ്ശിക തീർത്തില്ലെങ്കിൽ വ്യാപക പ്രതിഷേധം നടത്തുമെന്ന് മമത പറഞ്ഞു. രാജ്ഭവനിൽ നടന്ന 75ാം റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലാണ് മമത ഇക്കാര്യം അറിയിച്ചത്.
“സംസ്ഥാനത്തിന് കുടിശ്ശിക വരുത്തിയിട്ടുള്ള ഫണ്ട് തരാൻ കേന്ദ്രസർക്കാർ തയാറായില്ലെങ്കിൽ ഞങ്ങൾ വ്യാപക പ്രതിഷേധം തുടങ്ങും,” മമത വ്യക്തമാക്കി.
വിവിധ പദ്ധതികളിൽ നിന്നായി 18,000 കോടി രൂപ കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കാനുണ്ടെന്നാണ് സംസ്ഥാന സർക്കാർ അവകാശപ്പെടുന്നത്. പ്രധാനമന്ത്രി ആവാസ് യോജനയിൽ നിന്ന് 9,330 കോടി, തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് 6,900 കോടി, എൻഎച്ച്‌എമ്മിൽ നിന്ന് 830 കോടി, പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയ്ക്ക് കീഴിൽ 770 കോടി രൂപ സ്വച്ഛ് ഭാരത് മിഷനു കീഴിൽ 350 കോടി യും കേന്ദ്രം സംസ്ഥാനത്തിന് നൽകാനുണ്ട്. ഉച്ചഭക്ഷണത്തിന് 175 കോടി രൂപയും മറ്റ് പദ്ധതികൾക്ക് കീഴിലുള്ള പണവും കുടിശ്ശികയുണ്ട്.
കഴിഞ്ഞ ഡിസംബറിൽ ഈ വിഷയത്തിൽ മമത ബാനർജി ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തിയിരുന്നു. ഈ ആഴ്ച ആദ്യം സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുടെ ഒരു സംഘം ഡൽഹി സന്ദർശിച്ച് ഈയാവശ്യം ഉന്നയിച്ചിരുന്നു. 100 ദിവസത്തെ തൊഴിൽ പദ്ധതിയിലെ ക്രമക്കേടുകളെക്കുറിച്ചും അവ പരിഹരിക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ചും വിശദമായ റിപ്പോർട്ട് സമർപ്പിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.












