ശ്രീരാമനെ ബിജെപിക്ക് വിട്ടുകൊടുക്കാൻ തയാറല്ല; മതേതരത്വമെന്നത് ബഹുസ്വരത: ശശി തരൂർ

തിരുവനന്തപുരം: ശ്രീരാമനെ ബിജെപിക്ക് വിട്ടുകൊടുക്കാൻ തയാറല്ലെന്നും എല്ലാ രാമഭക്തരും ബിജെപിയെ പിന്തുണയ്ക്കുന്നവരെല്ലും കോൺഗ്രസ് നേതാവ് ശശി തരൂർ. തിരുവനന്തപുരം ലോ കോളജിൽ കെഎസ്‌യു സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തശേഷം മാധ്യമപ്രവർത്തകരോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മതേതരത്വമെന്നത് ബഹുസ്വരതയാണെന്നും രാമഭക്തനായ താൻ ഭാവിയിൽ അയോധ്യ സന്ദർശിച്ചേക്കാമെന്നും തരൂർ പറഞ്ഞു. അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠ ദിനത്തിൽ സമൂഹമാധ്യമങ്ങളിലെ പോസ്റ്റ് ചെയ്ത ചിത്രത്തിൽ വിശദീകരണം നൽകുകയായിരുന്നു ശശി തരൂർ. സിയാവർ രാമചന്ദ്ര കീ ജയ് എന്നാണ് എഴുതിയതെന്നും സീതയുടെ ഭർത്താവ് രാമനെ ജയ് വിളിക്കുന്നു എന്നാണ് അതിനർത്ഥമെന്നും തരൂർ പ്രതികരിച്ചു. ജയ് ശ്രീറാം എന്ന് പറഞ്ഞില്ല, കാരണം ജയ് ശ്രീറാം എന്നത് ഒരു മുദ്രാവാക്യമായി ചിലർ മാറ്റിക്കഴിഞ്ഞുവെന്നും തരൂർ വ്യക്തമാക്കി.

‘‘ഞാൻ എല്ലാദിവസവും പ്രാർഥിക്കുന്ന ദൈവത്തെ എന്തിനു ബിജെപിക്കു വിട്ടുനൽകണം? ബിജെപിക്ക് എല്ലാ രാമഭക്തരും അവർക്ക് വോട്ടു ചെയ്യണമെന്നാകും ആഗ്രഹം. എന്നാൽ എല്ലാ രാമഭക്തരും ബിജെപിയെ പിന്തുണയ്ക്കുന്നവരാണോ? കോണ്‍ഗ്രസ് എന്തിനു രാമനെ ബിജെപിക്ക് വിട്ടുനൽകണം? ഞങ്ങൾക്കും മതമുണ്ട്, പ്രാർഥിക്കാനുള്ള അവകാശവുമുണ്ട്. മതേതരത്വമെന്ന‌തു മതമില്ലാത്ത സ്ഥിതിയല്ല, ബഹുസ്വരതയാണത്. എല്ലാവർക്കും തങ്ങൾക്ക് ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാം. ഞാൻ ഒരു ക്ഷേത്രത്തിലേക്കു പോകുന്നുണ്ടെങ്കിൽ അതു പ്രാർഥിക്കാനാണ്. അല്ലാതെ രാഷ്ട്രീയ കാര്യങ്ങൾക്കല്ല. കോണ്‍ഗ്രസ് എതിർത്തത് രാമക്ഷേത്രത്തെയല്ല, അവിടെ നടന്ന പരിപാടിയെ രാഷ്ട്രീയവൽക്കരിച്ചതിനെയാണ്. ശ്രീരാമൻ ജനിച്ചിടത്ത് ക്ഷേത്രം വേണമെന്നത് എല്ലാ ഹിന്ദുക്കളും ആഗ്രഹിക്കുന്ന കാര്യമാണ്. എന്നാൽ അതിനായി ഒരു പള്ളി പൊളിക്കേണ്ട കാര്യമുണ്ടായിരുന്നില്ല എന്നത് ഞാൻ എപ്പോഴും ചൂണ്ടിക്കാണിക്കുന്ന കാര്യമാണ്,’’ തരൂർ പറഞ്ഞു.

More Stories from this section

family-dental
witywide