
പട്‌ന: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ടിക്കറ്റ് ലഭിക്കാത്തതിൽ രോഷം പ്രകടിപ്പിച്ച് ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാട്ടിയിലെ 22 നേതാക്കൾ ഒരേസമയം രാജി സമർപ്പിച്ചു.
മുൻ മന്ത്രി രേണു കുശ്‌വാഹ, മുൻ എംഎൽഎയും എൽജെപി ദേശീയ ജനറൽ സെക്രട്ടറിയുമായ സതീഷ് കുമാർ, സംസ്ഥാന സംഘടനാ മന്ത്രി രവീന്ദ്ര സിംഗ്, അജയ് കുശ്‌വാഹ, സഞ്ജയ് സിംഗ്, സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് ഡാംഗി എന്നിവരും രാജിവച്ച പ്രമുഖരിൽ ഉൾപ്പെടുന്നു.
പാർട്ടി അണികൾക്കുള്ളിലെ അതൃപ്തിയിൽ നിന്നാണ് രാജി തരംഗം ഉടലെടുത്തതെന്ന് വേണം മനസിലാക്കാൻ. പാർട്ടിയിൽ പലരും പണം നൽകി സീറ്റ് നേടി എന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്.
“പുറത്തുനിന്നുള്ള ആളുകൾക്ക് പകരം പാർട്ടി പ്രവർത്തകർക്ക് ടിക്കറ്റ് നൽകണം. പുറത്തുനിന്നുള്ളവർക്ക് ടിക്കറ്റ് നൽകുമ്പോൾ അതിനർത്ഥം കഴിവുള്ളവർ നിങ്ങളുടെ പാർട്ടിയിൽ ഇല്ല എന്നാണ്. നിങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന തൊഴിലാളികളാണോ ഞങ്ങൾ? പുറത്തുനിന്നുള്ള ഒരാൾക്ക് ടിക്കറ്റ് നൽകിയപ്പോൾ ഞങ്ങളുടെ സമർപ്പണം ചോദ്യം ചെയ്യപ്പെട്ടു. പാർട്ടിയുടെ തൊഴിലാളികളായി പ്രവർത്തിക്കാനല്ല ഞങ്ങൾ ഇവിടെ വന്നത്,” രാജിക്കത്തിൽ മുൻ എംപി രേണു കുശ്വാഹ പറഞ്ഞു.
ടിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് മുൻ എംഎൽഎയും എൽജെപി ദേശീയ ജനറൽ സെക്രട്ടറിയുമായ സതീഷ് കുമാർ, വിമത എൽജെപി നേതാക്കൾ ഇനി ഇന്ത്യാ ബ്ലോക്കിനെ പിന്തുണയ്ക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു.










