
ന്യൂഡൽഹി: ചൊവ്വാഴ്ച രാത്രി നടന്ന പാരീസ് ഒളിമ്പിക്‌സിലെ ചരിത്രപരമായ സെമി ഫൈനൽ വിജയത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ വിളിക്കുമോ എന്ന് കോൺഗ്രസിന്റെ പരിഹാസം.
“വിനേഷ് ഫോഗട്ടിന് പാരീസിൽ ഒരു വെള്ളിയോ സ്വർണ്ണമോ ഉറപ്പാണ്. പ്രധാനമന്ത്രി അവളെ വിളിക്കുമോ? തീർച്ചയായും അവരെ അഭിനന്ദിക്കുക. എന്നാൽ അതിലും പ്രധാനമായി, വനിതാ ഗുസ്തിക്കാരുടെ പ്രതിഷേധത്തിനിടെ ഡൽഹി പോലീസ് അവരോട് മോശമായി പെരുമാറിയതിന് മാപ്പ് പറയുമോ?” ജയ്റാം രമേശ് കുറിച്ചു.
സെമി ഫൈനൽ മത്സരത്തിൽ ക്യൂബയുടെ യൂസ്‌നിലിസ് ഗുസ്മാനെ 5-0ന് തോൽപ്പിച്ച് വനിതാ ഗുസ്തിയിൽ ഒളിമ്പിക്‌സ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമായി വിനേഷ് ഫോഗട്ട്. ക്വാർട്ടർ ഫൈനലിൽ ടോക്കിയോ 2020 ചാമ്പ്യൻ ജപ്പാൻ്റെ യുവി സുസാകിയെയും തോൽപിച്ചു. 82 അന്താരാഷ്ട്ര മത്സരങ്ങളിൽ ആദ്യ തോൽവിയാണ് ജാപ്പനീസ് ഗുസ്തി താരം നേരിട്ടത്.
2023-ൽ അന്നത്തെ ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) തലവൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ രാജ്യത്തെ പ്രമുഖ ഗുസ്തിക്കാർ നടത്തിയ പ്രതിഷേധത്തെക്കുറിച്ചാണ് മുതിർന്ന കോൺഗ്രസ് നേതാവിന്രെ പരാമർശം. വിനേഷിന്റെ വിജയത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എത്തി. വിനേഷിനൊപ്പം ഈ നാടു മുഴുവൻ ഇന്ന് വികാരാധീനരാണെന്ന് അദ്ദേഹം കുറിച്ചു. ചോരക്കണ്ണീരൊഴുക്കിയ ഇന്ത്യയുടെ ധീരപുത്രിക്കു മുന്നിൽ ഇന്ന് അധികാരവ്യവസ്ഥയാകെ നഗ്‌നമാക്കപ്പെട്ടിരിക്കുന്നു. പാരിസിൽ വിനേഷ് നേടിയ വിജയത്തിന്റെ പ്രതിധ്വനികൾ ഡൽഹിയിലും മുഴങ്ങിക്കൊണ്ടിരിക്കുകയാണെന്നും രാഹുൽ ഗാന്ധി എഴുതി.
‘‘ഒറ്റ ദിവസം കൊണ്ട് ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് ഗുസ്തി താരങ്ങളെ തോൽപ്പിച്ച വിനേഷ് ഫോഗട്ടിനൊപ്പം, ഇന്ന് ഈ രാജ്യം ഒന്നടങ്കം വികാരഭരിതരാണ്. വിനേഷ് ഫോഗട്ടിന്റെയും സഹതാരങ്ങളുടെയും പോരാട്ടങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും അവരുടെ ഉദ്ദേശ്യശുദ്ധിയെയും കഴിവിനെയും സംശയത്തോടെ നോക്കിക്കാണുകയും ചെയ്തവർക്കെല്ലാം ഇപ്പോൾ ഉത്തരം ലഭിച്ചിരിക്കുന്നു. ഇന്ത്യയുടെ ഈ ധീരപുത്രിക്കു മുന്നിൽ അധികാര വ്യവസ്ഥയൊന്നാകെ നഗ്‌നമാക്കപ്പെട്ടിരിക്കുന്നു. അവരുടെ കണ്ണുകളിൽ നിന്നൊഴുകുന്നത് ചോരയാണ്. ഇതാണ് യഥാർഥ ജേതാവിന്റെ അടയാളം. അവരുടെ മറുപടികൾ എക്കാലവും ഗോദയിലായിരിക്കും. വിനേഷ് ഫോഗട്ടിന് എല്ലാവിധ ആശംസകളും. പാരിസിൽ താങ്കൾ നേടിയ വിജയത്തിന്റെ പ്രതിധ്വനികൾ ഡൽഹിയിലും മുഴങ്ങിക്കൊണ്ടിരിക്കുന്നു,’’ എന്ന് രാഹുൽ ഗാന്ധി കുറിച്ചു.