
കെയ്‌റോ: ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കായി ഹമാസ് ഉദ്യോഗസ്ഥര്‍ കെയ്റോയില്‍ എത്തി. ഇസ്രയേലി ബന്ദികളെയും പലസ്തീന്‍ തടവുകാരെയും കൈമാറ്റം ചെയ്യുന്നതിനും താല്‍ക്കാലിക വെടിനിര്‍ത്തലിനും ഇസ്രായേല്‍ ഒരു കരാര്‍ ഏറെക്കുറെ അംഗീകരിച്ചതായി ഒരു യുഎസ് ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചതിനെത്തുടര്‍ന്നാണ് ഗാസ യുദ്ധത്തില്‍ സന്ധി ഉറപ്പാക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി ഹമാസ് ഉദ്യോഗസ്ഥര്‍ ഈജിപ്തിലെ കെയ്റോയിലെത്തിയത്.
എന്നാല്‍, ഹമാസ് പ്രതിനിധികള്‍ ഞായറാഴ്ച കെയ്റോയില്‍ എത്തിയെങ്കിലും വൈകുന്നേരമായിട്ടും ഖത്തര്‍, ഈജിപ്ത്, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ളവരുടെ മധ്യസ്ഥതയിലുള്ള ചര്‍ച്ചകള്‍ക്ക് ഇസ്രായേലില്‍ നിന്നുള്ള പ്രതിനിധികളൊന്നും എത്തിയിട്ടില്ലെന്നാണ് വിവരം.
ഇപ്പോഴും ജീവിച്ചിരിക്കുന്ന ബന്ദികളുടെ പേരുകള്‍ സംബന്ധിച്ച സമ്പൂര്‍ണ്ണ പട്ടിക വേണമെന്ന ഇസ്രയേലിന്റെ ആവശ്യം ഹമാസ് നിരസിച്ചതിന് പിന്നാലെയാണ് ചര്‍ച്ചയില്‍ നിന്നും ഇസ്രയേല്‍ വിട്ടു നില്‍ക്കുന്നതെന്നും വിവരമുണ്ട്.
.അതേസമയം, ഇസ്രയേല്‍ പ്രതിനിധികള്‍ പങ്കെടുക്കുമെന്നും ആറാഴ്ച നീണ്ടുനില്‍ക്കുന്ന കരാര്‍ ഉണ്ടായേക്കുമെന്നുമുള്ള പ്രതീക്ഷകള്‍ മധ്യസ്ഥര്‍ പങ്കുവയ്ക്കുന്നുണ്ട്.
വിഷയത്തില്‍ ഇസ്രായേല്‍ ഉദ്യോഗസ്ഥരില്‍ നിന്ന് പ്രതികരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഈജിപ്ഷ്യന്‍, ഖത്തര്‍ സഹോദരങ്ങളെ കാണാനും പ്രസ്ഥാനത്തിന്റെ കാഴ്ചപ്പാട് അവതരിപ്പിക്കാനുമാണ് തങ്ങളുടെ പ്രതിനിധി സംഘം കെയ്റോയില്‍ എത്തിയതെന്നാണ് ഹമാസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അല്‍ ജസീറയോട് പറഞ്ഞത്. മാത്രമല്ല, ഇസ്രയേല്‍ സംഘം കെയ്റോയില്‍ എത്തിയാലും ഇല്ലെങ്കിലും തങ്ങള്‍ക്ക് പ്രശ്നമില്ലെന്നും ഹമാസ് പ്രതിനിധി പറഞ്ഞതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹമാസ് ബന്ദികളാക്കിയവരുടെ പട്ടിക ആദ്യം ഹാജരാക്കിയില്ലെങ്കില്‍ ഇസ്രായേലിന് കെയ്റോയിലെ ചര്‍ച്ചയില്‍ നിന്നും വിട്ടുനില്‍ക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. കരാറില്‍ ആറാഴ്ചത്തെ വെടിനിര്‍ത്തലും ബന്ദികളില്‍ ദുര്‍ബലരായവര്‍, രോഗികള്‍, പ്രായമായവര്‍, രോഗികള്‍ എന്നിവരുടെ കൈമാറ്റവുമാണ് ഉള്‍പ്പെടുന്നതെന്നും യുഎസ് ഉദ്യോഗസ്ഥന്‍ സൂചന നല്‍കുന്നു.











