
ന്യൂഡൽഹി: പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് ഇന്നു തുടക്കം. അദാനിക്കെതിരേ യു.എസ്. കോടതി കേസെടുത്തതും മണിപ്പുരിലെ കലാപവും തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്ന ആരോപണവുമടക്കമുയർത്തി സമ്മേളനം പ്രതിപക്ഷം പ്രക്ഷുബ്ധമാക്കാനാണ് സാധ്യത.
വഖഫ് ഭേദഗതിബിൽ, ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പുൾപ്പെടെ 16 ബില്ലുകൾ സഭയിൽ അവതരിപ്പിക്കും. സമ്മേളനത്തിന്റെ ഭാഗമായി രാവിലെ 10-ന് പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമപ്രവർത്തകരുമായി സംസാരിക്കും.
വയനാട്ടിൽനിന്ന് ജയിച്ച പ്രിയങ്കാ ഗാന്ധി ബുധനാഴ്ചയോ വ്യാഴാഴ്ചയോ സത്യപ്രതിജ്ഞ ചെയ്തേക്കും. ഉരുൾപൊട്ടൽ വിഷയമാവും ആദ്യമായി പ്രിയങ്ക പാർലമെന്റിൽ അവതരിപ്പിക്കുകയെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.
ഡിസംബർ 20 വരെ നീളുന്ന സമ്മേളനത്തിന് മുന്നോടിയായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ഞായറാഴ്ച ചേർന്ന സർവകക്ഷിയോഗം ചേർന്നു.
അദാനിവിഷയം ചർച്ച ചെയ്യുന്നതടക്കമുള്ള കാര്യത്തിൽ തീരുമാനമെടുക്കുന്നത് ബിസിനസ് അഡ്വൈസറി കമ്മിറ്റിയാണെന്നും പ്രധാനമന്ത്രിക്കും കമ്മിറ്റിക്കും മുൻപാകെ വിവരം അറിയിക്കാമെന്നും രാജ്‌നാഥ് സിങ് പ്രതിപക്ഷത്തിന് മറുപടി നൽകി. 26-ന് ഭരണഘടനാ ദിനാചരണത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു പഴയ പാർലമെന്റ് മന്ദിരമായ സംവിധാൻസദനിലെ സെൻട്രൽഹാളിൽ നടക്കുന്ന ചടങ്ങിൽ ഇരുസഭകളിലെയും എം.പി.മാരെ അഭിസംബോധന ചെയ്യും.
Winter session of Indian Parliament begins today