ദേവികമോള്‍ക്ക് സ്വന്തമായി വീടൊരുങ്ങുന്നു; വീട് നിര്‍മ്മാണത്തിന് മെയ് 7ന് തറക്കല്ലിടല്‍, അഭിമാനത്തോടെ സൗത്ത് വെസ്റ്റ് ഫ്ളോറിഡ മലയാളി അസോസിയേഷന്‍

ഫ്ളോറിഡ: കവിതയുടെ താളത്തിനൊപ്പം മലയാള മനസ്സുകളില്‍ പെട്ടെന്ന് ഇടം നേടിയ എട്ടുവയസ്സുകാരിയായ ദേവികയക്ക് ഒടുവില്‍ അടച്ചുറപ്പുള്ള ഒരു വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു. സൗത്ത് ഫ്ലോറിഡയിലെ പ്രമുഖ മലയാളി സംഘടനയായ സൗത്ത് വെസ്റ്റ് ഫ്ലോറിഡ മലയാളി അസോസിയേഷൻ ആണ് ദേവികമോൾക്കുള്ള സ്വപ്നഭവനം ഒരുക്കുന്നത്. മൂന്നര സെൻറ് സ്ഥലം ഇതിനായി സൗത്ത് വെസ്റ്റ് ഫ്ലോറിഡ മലയാളി അസോസിയേഷൻ വിലക്ക് വാങ്ങുകയും ദേവികയുടെ കുടുംബത്തിന് നല്‍കുകയും ചെയ്തിരുന്നു. ആ ഭൂമിയില്‍ വീട് നിര്‍മ്മാണം ആരംഭിക്കുകയാണ്. അതിന്റെ തറക്കല്ലിടല്‍ കര്‍മ്മം മെയ് 7ന് പ്രമുഖ ഐ.എ.എസ് ഉദ്യോഗസ്ഥ ദിവ്യ എസ് അയ്യര്‍ നിര്‍വ്വഹിക്കും. ചടങ്ങില്‍ ഫ്ളോറിഡ മലയാളി അസോസിയേഷന്‍ സെക്രട്ടറി വിഷ്‌ണു പ്രതാപ് തലാപ്പിൽ, വൈസ് പ്രസിഡന്റ് സ്വപ്ന സതീഷ്,  ജോ. സെക്രട്ടറി ഷീജ അജിത്, ട്രഷറര്‍ നീനു വിഷ്ണു പ്രതാപും പങ്കെടുക്കും. അസോസിയേഷൻ പ്രസിഡൻറ് അജേഷ് ബാലാനന്ദൻ, ഷീജ അജിത്, അന്നമ്മ മാപ്പിളശ്ശേരി, മോളി തോമസ്, ബിനൂപ് കുമാർ ശ്രീധരൻ, അജിത് ഡൊമിനിക് എന്നിവരുടെ കൂടി നേതൃത്വത്തിലാണ് ഈ സ്നേഹഭവനം ഒരുക്കുന്നത്. 

തിരുവനന്തപുരം വെള്ളനാടിലെ എട്ട് വയസുകാരി കൊച്ചുമിടുക്കി ദേവികമോൾ കവിതയുടെ ലോകത്തെ ഏറ്റവും ഇളമുറക്കാരിയാണ്. പ്രശസ്‌ത കവി മുരുകൻ കാട്ടാക്കടയുടെ കവിതകളോടാണ് ഏറെ പ്രിയവും, അത് ഏറ്റുപാടിയാണ് ദേവികമോൾ മലയാളി മനസുകളിൽ ഇടംനേടിയതും. മുരുകൻ കാട്ടാക്കടയാവട്ടെ, പുത്രിവാത്സല്യത്തോടെ ദേവികമോളുടെ കഴിവുകളെ പരിപോഷിപ്പിക്കാൻ അവളെ ഏറ്റെടുത്തു. ചാനലുകളിലും, പൊതുപരിപാടികളിലും കവിതകൾ ചൊല്ലി ജനഹൃദയങ്ങളിൽ ഇടം നേടി.

ദേവികയുടെ ജീവിത സാഹചര്യങ്ങള്‍ അറിയാവുന്ന കവി മുരുകന്‍ കാട്ടാക്കട ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ കണ്‍വെന്‍ഷനായി മയാമിയിൽ എത്തിയപ്പോള്‍ അന്നത്തെ പ്രസ് ക്ളബ് പ്രസിഡന്റിനോട് ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നു.  ദേവികമോള്‍ക്ക് ഒരു വീട് നിര്‍മ്മിച്ച് നല്‍കാന്‍ ഇടപെടല്‍ നടത്തണമെന്നും അഭ്യര്‍ത്ഥച്ചിരുന്നു. വിഷയം സൗത്ത് വെസ്റ്റ് ഫ്ളോറിഡ മലയാളി അസോസിയേഷനുമായി പ്രസിഡന്റ് സംസാരിച്ചു. തുടര്‍ന്ന് ഫ്ളോറിഡ മലയാളി അസോസിയേഷന്‍ ദേവികയെ സഹായിക്കാന്‍ മുന്നോട്ടുവരികയായിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ആ വാഗ്ദാനം യാഥാര്‍ത്ഥ്യമാവുകയും ചെയ്യുന്നത്. സൗത്ത് ഫ്ളോറിഡ മലയാളി അസോസിയേഷനെ സംബന്ധിച്ച് ഇത് അഭിമാന നിമിഷമാണ്.

With the help of South Florida Malayali Association the construction of house for an eight year old girl name Devika to begin this month