
തിരുവനന്തപുരം: കാണാതായ മകളെ കണ്ടെത്തിയ സന്തോഷത്തിൽ കണ്ണീരണിഞ്ഞ് രണ്ടുവയസുകാരി മേരിയുടെ മാതാപിതാക്കൾ. 19 മണിക്കൂർ നീണ്ട പരിശ്രമങ്ങൾക്ക് വിരാമമിട്ടാണ് ബ്രഹ്മോസിന് സമീപത്തെ ഓടയിൽ നിന്ന് കുഞ്ഞിനെ കണ്ടെത്തിയത്. തുടർന്ന് മാധ്യങ്ങളോട് പ്രതികരിക്കവെയാണ് ബിഹാർ സ്വദേശികളായ കുട്ടിയുടെ മാതാപിതാക്കൾ കരഞ്ഞ് കൈകൂപ്പി കേരള പൊലീസിന് നന്ദി പറഞ്ഞത്.
തിരുവനന്തപുരം നഗരത്തിലെ ചാക്കയിൽനിന്ന് ഞായറാഴ്ച രാത്രി കാണാതായ രണ്ടു വയസ്സുകാരിയെ തിങ്കളാഴ്ച രാത്രി ഏഴരയോടെ കൊച്ചുവേളി റെയിൽവേ സ്റ്റേഷനു സമീപത്തുനിന്നാണ് കണ്ടെത്തിയത്. എന്നാൽ കുട്ടി എങ്ങനെയാണ് അവിടെ എത്തിയത് എന്നതിൽ വ്യക്തതയില്ല. ഇക്കാര്യത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
‘‘ഇന്നലെ രാത്രി മുതൽ പൊലീസുകാർ ഈ പ്രദേശമാകെ അരിച്ചുപെറുക്കിയിരുന്നു. വൈകുന്നേരവും വന്നു നോക്കി. ഒരു ട്രെയിൻ പോയതിനു ശേഷം അവരു നോക്കിയപ്പോഴാണ് കണ്ടത്. ആരോ കൊണ്ടുവച്ചതാണ്. കാടുപിടിച്ച സ്ഥലത്തുനിന്നാണ് കുട്ടിയെ കണ്ടെത്തിയത്,’’ നാട്ടുകാരിൽ ഒരാൾ മാധ്യമങ്ങളോടു പറഞ്ഞു.
കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ എന്നത് സംബന്ധിച്ച അന്വേഷണം തുടരുമെന്ന് തിരുവനന്തപുരം എ.സി.പി. നിധിന്‍രാജ് മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ വിശദപരിശോധനയ്ക്കായി കുട്ടിയെ പ്രവേശിപ്പിച്ച ജനറല്‍ ആശുപത്രിയിലേക്ക് പോലീസ് അവളുടെ മാതാപിതാക്കളെ എത്തിച്ചു.