
തിരുവനന്തപുരം: ജില്ലയിലെ കാരയ്ക്കാമണ്ഡപത്ത് വീട്ടിൽ പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു. പൂന്തുറ സ്വദേശിനി ഷമീനയും കുഞ്ഞുമാണ് മരിച്ചത്. രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. പ്രസവത്തിനിടെയുണ്ടായ രക്തസ്രാവത്തെ തുടർന്നാണ് മരണം സംഭവിച്ചത്. കുടുംബസമേതം കാരയ്ക്കമണ്ഡപത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു ഇവർ.
വീട്ടുകാരുടെ തീരുമാനപ്രകാരമാണ് വീട്ടിൽവച്ച് പ്രസവമെടുത്തത് എന്നാണ് വിവരം. ചൊവ്വാഴ്ച വൈകുന്നേരം 3 മണിയോടെയാണ് പ്രസവം എടുക്കാൻ ആരംഭിച്ചത്. കുഞ്ഞ് ഭാഗികമായി പുറത്തുവന്നെങ്കിലും പിന്നീട് കുടുങ്ങിയതോടെ രക്തസ്രാവമുണ്ടായി. വൈകിട്ട് 5.30 വരെ കുഞ്ഞിനെ പുറത്തെടുക്കാനുള്ള ശ്രമം വീട്ടില്‍വച്ച് തുടർന്നെങ്കിലും ആറു മണിയോടെ യുവതിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആശുപത്രിയിൽ എത്തും മുൻപുതന്നെ യുവതിയും കുഞ്ഞും മരിച്ചു. നേമം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.