ഐടി ജോലി പോയി,കോവിഡ് എല്ലാം തകര്‍ത്തു; ഒടുവില്‍ മോഷണത്തിലേക്ക്, ബെംഗളൂരുവില്‍ യുവതി പിടിയില്‍

ബെംഗളൂരു: ബെംഗളൂരുവിലെ പേയിംഗ് ഗസ്റ്റുകളുടെ താമസ സ്ഥലത്തുനിന്നും ലാപ്‌ടോപ്പുകളും മറ്റ് വിലപിടിപ്പുള്ള ഗാഡ്ജറ്റുകളും മോഷ്ടിച്ചതിന് 26 കാരി പിടിയിലായി. നോയിഡ സ്വദേശിനിയായ ജാസി അഗര്‍വാള്‍ എന്ന യുവതിയാണ് ബെംഗളൂരു പൊലീസിന്റെ പിടിയിലായത്.

കോവിഡ് വ്യാപനത്തെത്തുടര്‍ന്നാണ് ഐടി പ്രൊഫഷണലായ യുവതിക്ക് ജോലി നഷ്ടപ്പെടുന്നത്. പിന്നീടിങ്ങോട്ട് മറ്റ് വഴികളില്ലാതെ മോഷണത്തിലേക്ക് യുവതി നീങ്ങുകയായിരുന്നു. നോയിഡയില്‍ നിന്നും ബെംഗളൂരുവിലെത്തി പേയിംഗ് ഗസ്റ്റുകള്‍ താമസിക്കുന്ന ഇടങ്ങളില്‍ നിന്നും ലാപ്‌ടോപ്പുകളും മറ്റ് വിലപിടിപ്പുള്ള ഗാഡ്ജറ്റുകളും മോഷ്ടിച്ച് നോയിഡയിലെത്തിച്ച് വില്‍ക്കുന്നതായിരുന്നു യുവതിയുടെ രീതി. ആളൊഴിഞ്ഞ മുറികളില്‍ കയറി ചാര്‍ജ് ചെയ്യാന്‍ വെച്ചിരുന്ന ലാപ്ടോപ്പുകള്‍ ജാസി കൈക്കലാക്കുക പതിവായിരുന്നു.

ഒടുവില്‍ നിരവധി ലാപ്ടോപ്പുകള്‍ നഷ്ടപ്പെട്ടതായി ഒരു പേയിംഗ് ഗസ്റ്റ് നല്‍കിയ പരാതിയില്‍ തുടങ്ങിയ അന്വേഷണമാണ് ജാസിയെ കുടുക്കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തെത്തുടര്‍ന്ന് മാര്‍ച്ച് 26 ന് പൊലീസ് ജാസിയെ അറസ്റ്റ് ചെയ്യുകയും 10 ലക്ഷം രൂപ വിലമതിക്കുന്ന 24 ലാപ്ടോപ്പുകള്‍ കണ്ടെടുക്കുകയും ചെയ്തു.

പല പ്രദേശങ്ങളിലും യുവതി ഇത്തരത്തില്‍ മോഷണം നടത്തിയിട്ടുണ്ടെന്നും സിസിടിവി ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Woman arrested for theft in Bengaluru