
പാരിസ്: ജോലി ചെയ്യിക്കാതെ 20 വർഷമായി ശമ്പളം നൽകുന്ന കമ്പനിയോട് നിയമ യുദ്ധവുമായി യുവതി. ഫ്രാന്‍സിലാണ് ഈ വിചിത്രമായ സംഭവം. ഫ്രഞ്ച് ടെലകോം ഭീമനായ ഓറഞ്ചിനെതിരെയാണ് ജീവനക്കാരിയായ ലോറന്‍സ് വാന്‍ വാസെന്‍ഹോവ് കോടതിയെ സമീപിച്ചത്. ഓറഞ്ചിന്റെ മുന്‍ കമ്പനിയാണ് 1993-ല്‍ ഇവരെ ജോലിക്കെടുത്തത്. രോഗമുള്ളതിനാൽ ഇവർ സ്ഥലം മാറ്റത്തിന് അഭ്യര്‍ഥിച്ചിരുന്നു. ഇതിനുശേഷമാണ് കമ്പനി തന്നെ ‘ഒതുക്കി’യതെന്ന് ലോറന്‍സ് ആരോപിക്കുന്നു. സെക്രട്ടറിയായും എച്ച്.ആര്‍. വിഭാഗത്തിലും ജോലികളാണ് ലോറന്‍സിന് ആദ്യം നല്‍കിയിരുന്നത്. 2002-ലാണ് ഇവര്‍ ഫ്രാന്‍സിലെ മറ്റൊരു പ്രദേശത്തേക്ക് തന്നെ സ്ഥലംമാറ്റണമെന്ന് കമ്പനിയോട് അഭ്യര്‍ഥിക്കുന്നത്.
സ്ഥലംമാറ്റ അഭ്യര്‍ഥന അംഗീകരിച്ചെങ്കിലും പിന്നീട് ഇവർക്ക് ചെയ്യാൻ കഴിയുന്ന ജോലിയില്ലെന്ന് കമ്പനി വിലയിരുത്തി. പിന്നീട് രണ്ടുപതിറ്റാണ്ട് കാലം ഒരു ജോലിയും ചെയ്യാതെയാണ് ലോറന്‍സിന് ശമ്പളം ലഭിച്ചത്. ഇത്രയും കാലം ഓഫീസില്‍ മാനസിക പീഡനം നേരിട്ടതായി ലോറന്‍സ് പറയുന്നു. താന്‍ ഓഫീസില്‍ ഒറ്റപ്പെട്ടുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.